കുണ്ടോറ ചാമുണ്ഡി, കുണ്ടാടി ചാമുണ്ഡി, കുണ്ടൂർ ചാമുണ്ഡി എന്നീ പേരുകളിലും ഈ ദേവി അറിയപ്പെടുന്നു. യുദ്ധ ദേവത മാരുടെ ഗണത്തിൽ പെട്ട ദേവിയാണ് കുണ്ടോറ ചാമുണ്ഡി. ഉത്തര കേരളത്തിൽ ചന്ദ്രഗിരിപ്പുഴയ്ക്കും വളപട്ടണം പുഴയ്ക്കും ഇടയിൽ നീളുന്ന സ്ഥലങ്ങളിൽ ആണ് കുണ്ടോറ ചാമുണ്ഡി തെയ്യമായി കെട്ടിയാടുന്നത്. നാട്ടേക്കു നാട്ടു പരദേവതയും വീട്ടേക്ക് വീട്ടു പരദേവതയും ആയ ദേവി ആണ് കുണ്ടോറ ചാമുണ്ഡി എന്നാണു വിശ്വാസം. തെയ്യ പ്രപഞ്ചത്തിലെ തന്നെ അതി പ്രാചീനമായ ഒരു കോലം ആണ് കുണ്ടോറ ചാമുണ്ഡി.
ഏഴ് ലോകത്തും വിനാശം വിതച്ച ദുഷ്ടനായ ദാരികാസുരനെ വധിച്ച സാക്ഷാൽ കാളി തന്നെ ആണ് കുണ്ടോറ ചാമുണ്ഡി എന്നാണ് വിശ്വാസം. കുണ്ടോറ ചാമുണ്ഡിയുടെ പുരാവൃത്തം ഇപ്രകാരം ആണ്. ദാരികാസുരന്റെ ദുഷ്ട പ്രവൃത്തികൾ കാരണം പൊറുതി മുട്ടിയ ദേവതകൾ സാക്ഷാൽ പരമശിവനിൽ അഭയം പ്രാപിച്ചു. ദാരികാസുരനെ വധിക്കാൻ നിശ്ചയിച്ച പരമശിവൻ മഹാതാണ്ഡവം ആടുകയും അതിനു ശേഷം അഗ്നിയിൽ നിന്നും മഹാ ശക്തി ശാലികളായ ആറു പെണ്മക്കളായ കാളികളെ ജനിപ്പിക്കുകയും ചെയ്തു. പിന്നെ മഹേശ്വരൻ ആറു പൊൻമക്കളിൽ പ്രധാനിയായ ഒരു കാളിയോട് നിന്റെ അവതാരോദ്ദേശ്യം ദാരികാസുര നിഗ്രഹമാണെന്നു ധരിപ്പിച്ചു പതിനെട്ടു കൈകളിലും ആയുധങ്ങൾ നൽകി യുദ്ധത്തിനായി അയച്ചു.
പിതാവിന്റെ ഇങ്കിതം അനുസരിച്ചു യുദ്ധത്തിന് പുറപ്പെട്ട കാളി കൂട്ടിനായി വേതാളത്തെയും വിളിച്ചു . ഉദയ കൂല പർവതത്തിൽ തലവെച്ചു അസ്തമയ കൂല പർവതത്തിൽ കാൽവെച്ചു ഗാഢ നിദ്രയിൽ ആയിരുന്ന വേതാളത്തെ ദേവി വിളിച്ചുണർത്തി. കൊടുങ്കാറ്റു പോലെ ഉണർന്ന ഭീകര രൂപത്തിനോട് എന്റെ കൂടെ യുദ്ധത്തിന് വരുമോ എന്ന് കാളി ചോദിച്ചു. പന്തീരാണ്ടായി വിശന്നു കിടക്കുന്ന നിനക്ക് വല്ലാസുരന്റെ രക്തവും, കരളും തരാം എന്ന് കാളി വേതാളത്തോടു പറഞ്ഞു. അതനുസരിച്ചു കാളിയെ ചുമലിലേറ്റി വേതാളം ദാരികാസുരന്റെ കോട്ടയിലേക്ക് കുതിച്ചു.
ഭിക്ഷുകി വേഷത്തിലെത്തിയ കാളി ദാരികാസുര പത്നി കാലകേയ പൊന്മകളോട് മുൻമൊഴി മന്ത്രം കൈക്കലാക്കിയ ശേഷം യഥാർത്ഥ രൂപം പൂണ്ടു പടയ്ക്കിറങ്ങി. വേതാള പുറത്തേറി ഏഴുനാൾ ദാരികനോട് ഘോര യുദ്ധം ചെയ്തതിനു ശേഷം എട്ടാം നാൾ തളർന്ന ദാരികനെ കാളി വേതാളത്തിന്റെ നാവിൽ കിടത്തി തല മുടി പിടിച്ചു വലിച്ചു കഴുത്തറത്തു നിഗ്രഹിച്ചു എന്നാണ് കഥ.
ദാരിക നിഗ്രഹത്തിനു ശേഷം അശുദ്ധി തീർക്കാൻ കാളി കാവേരിയിൽ നീരാടി. കാവേരിയിൽ നീരാടുന്ന സമയത്ത് മറുകരയിൽ ഉണ്ടായിരുന്ന കുണ്ടോറ തന്ത്രിക്കും എട്ടില്ലം തന്ത്രിക്കും കാളി കുളിയിലും നിത്യ കർമത്തിലും തപ്പും പിഴയും വരുത്തി. ഇത് മനസിലാക്കിയ കുണ്ടോറ തന്ത്രി ഒരു ചെമ്പു പാത്രത്തിൽ കാളിയെ ആവാഹിച്ചിരുത്തി. ആവാഹിച്ചെടുത്ത ചെമ്പ് പത്രവും എടുത്ത് തന്ത്രിമാർ യാത്രയായി. യാത്ര വഴിയേ പാൽ ചുരത്തുന്ന ഒരു മരത്തണലിൽ തന്ത്രിമാർ വിശ്രമിച്ചു. തന്ത്രിമാർ വിശ്രമിക്കുന്ന വേളയിൽ കാളി തന്റെ ശക്തിയാൽ ഇളം കാറ്റൊരുക്കി താന്ത്രിമാരെമയക്കി കിടത്തി. പിന്നെ ഒരു വലിയ പ്രകമ്പനത്തോടെ ചെമ്പു പത്രം പൊട്ടിത്തെറിച്ചു കാളി പുറത്തു വന്നു രൗദ്ര ഭാവം പൂണ്ടു. കുമ്പഴ കൂലോത്തെ നൂറ്റൊന്നു ആലയിലുള്ള കന്നുകാലികളെ ഒറ്റ രാവിൽ കാളി തിന്നു തീർത്തു. കാളി സാനിധ്യം മനസ്സിലാക്കിയ നാടുവാഴി ഇത്രകണ്ട് ശക്തിയുള്ള ദേവിയാണെങ്കിൽ തന്റെ കന്നു കാലികളെ പഴയ പോലെ ആക്കിത്തന്നാൽ കുണ്ടോറപ്പന്റെ വലതു ഭാഗത്തു ഇരിക്കാൻ പീഠവും പിടിക്കാൻ ആയുധവും നൽകി കുടിയിരുത്താം എന്ന് പറഞ്ഞു.പറഞ്ഞു തീരും മുൻപേ കാളി തന്റെ ശക്തിയാൽ കാലികളെയൊക്കെ പഴയ പടി ആക്കി. ഇത് കണ്ട് ഭയ ഭക്തിയോടെ വാഴുന്നോർ താൻ കൊടുത്ത വാക്കു പ്രകാരം കാളിയെ കുണ്ടോറപ്പന്റെ വലതു ഭാഗത്തു സ്ഥാനം കൊടുത്തു ഇരുത്തി. അങ്ങനെ ആ കാളിക്കു കുണ്ടോറ ചാമുണ്ഡി എന്ന പേര് വന്നു .
പിന്നീട് അവിടെ നിന്നും കാളി തെക്കു ഭാഗത്തേക്ക് യാത്രയായി കീഴൂർ എന്ന സ്ഥലത്തെത്തി. എന്നാൽ അവിടെ കീഴൂർ ശാസ്താവ് ആർക്കും തൃക്കാൽ തെറ്റി വഴി കൊടുക്കുമായിരുന്നില്ല. ഒരു വ്യാഴ വട്ടക്കാലം ഒറ്റക്കാലിൽ ഊന്നി തപസ്സിരുന്നിട്ടും കീഴൂർ ശാസ്താവ് കാളിക്ക് വഴി കൊടുത്തില്ല ഇതിൽ കോപിതയായ കാളി ആ നാട്ടിൽ മുഴുവൻ അനർത്ഥങ്ങൾ വിതച്ചു, ശാസ്താവിന്റെ പൂജാരി ധാരുണമായി കൊല്ലപ്പെട്ടു. കണ്ണ് തുറന്ന ശാസ്താവ് കളിയോട് ശക്തി തെളിയിക്കാൻ പറഞ്ഞു. കാഞ്ഞിരോട്ടു പെരുമ്പുഴ കരയിലെ മൺതരികൽ തൂറ്റി പാറ്റി പിരിച്ചു പടു കൂറ്റൻ കമ്പ ഉണ്ടാക്കി ദേവി ശാസ്താവിന് കാഴ്ച വെച്ചു . ദേവിയുടെ മഹാ ശക്തി മനസിലാക്കിയ ശാസ്താവ് ദേവിക്ക് സ്ഥാനം നൽകുകയും നീ വീട്ടേക്കു വീട്ടു പരദേവതയും നാട്ടേക്കു നാട്ടു പരദേവതയും കന്നിരാശിക്ക് കന്നിരാശി പരദേവതയും എന്ന് അനുഗ്രഹിച്ചു തൃക്കാൽ തെറ്റി വഴി കൊടുത്തു.
പിന്നെ മലനാട്ടിലെ കോലത്തിരി നാട്ടിൽ എത്തി അവിടെ ദേവിക്ക് കോലാരൂപവും, കലശവും, കുരുതിയും നൽകി ആചരിച്ചു. സന്തുഷ്ടയായ ദേവി ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞു കൊണ്ട്കോലത്തു നാട്ടിൽ സ്ഥാനം ഉറപ്പിച്ചു എന്ന് പറയപ്പെടുന്നു.
വേലൻ വിഭാഗത്തിൽ ഉള്ളവർ ആണ് കുണ്ടോറ ചാമുണ്ഡി കെട്ടിയാടുന്നത്. വടക്കൻ കേരളത്തിൽ തെയ്യക്കാലം ആരംഭിക്കുന്ന തുലാ മാസം പത്തിന് തൊട്ടു മുൻപ് ആദ്യം ഇറങ്ങുന്ന തെയ്യം ആണ് കുണ്ടോറ ചാമുണ്ഡി. കുണ്ടോറ ചാമുണ്ഡി തെയ്യം ഉറഞ്ഞാടുമ്പോൾ കാവ് കൈലാസ സങ്കല്പവും തെയ്യം ശിവസങ്കല്പവും ആവും. പാഞ്ഞടുക്കുന്ന കാലാഗ്നിയെ സ്വയം വിഴുങ്ങി അപകടം ഒഴിവിക്കുന്ന മഹേശ്വര കഥ അനുസ്മരിപ്പിക്കുന്ന രീതിയിൽ കത്തുന്ന നെയ്ത്തിരി കടിക്കുന്ന ചടങ്ങും കുണ്ടോറ ചാമുണ്ഡി തെയ്യത്തിൽ ഉണ്ട്. തുളു ഭാഷയിലെ പദങ്ങൾ നിറഞ്ഞതാണ് കുണ്ടോറ ചാമുണ്ഡിയുടെ തോറ്റം പാട്ടു.
തുളു വേലന്മാരുടെ പൂർവികർ കർണാടകയിലെ കുന്ദാപുരത്തു നിന്നും ആണ് മലനാട്ടിലേക്കെത്തിയതെന്നും, തുളു നാട്ടിൽ അവർ ആരാധച്ചിരുന്ന കുന്ദാപുര ചാമുണ്ഡിയാണ് പിന്നീട് മലനാട്ടിൽ കുണ്ടോറ ചാമുണ്ഡി എന്ന പേരിൽ അറിയപ്പെട്ടതെന്നും, കുന്ദാപുര എന്ന വാക്ക് ലോപിച്ചാണ് കുണ്ടോറ എന്ന പദം ഉണ്ടായതെന്നും മറ്റൊരു വിശ്വാസം ഉണ്ട്.
കുണ്ടോറ ചാമുണ്ഡിയുടെ തോറ്റം പാട്ടിലെ ചില ഭാഗങ്ങൾ:
ഗണപതി വലത്തു നിൽക്ക
സരസ്വതി വരികെൻ നാവിൽ
ഗുരുവുടെ അനുഗ്രഹത്താൽ
ഗുണമൊടു സ്തുതിക്കുന്നേൻ
വെറുക്കല്ലേ കാളി
തിരുക്കണ്ണിൽ പിറന്ന മൂർത്തി
പടക്കുടൻ പുറപ്പെടുമ്പോൾ
അറുവറുക്കിളയ ദേവി
ദുർഗ്ഗേ നീ തമ്പുരാട്ടി
തന്നിലെ തകർത്തോരെട്ടും
ഭൂത വേതാളമലരിച്ചെന്നു
ആനകൾ കാതിലിട്ടു
പുലിത്തോലരയിൽ പൂണ്ട
നിന്മദത്തെ തളർത്തി വന്ന
ശരീരത്തെ രക്ഷിപ്പാൻ
നമുക്കുനാരായണിയോം
ചരാചര മൂല നാഥേ ….