അതിശയിപ്പിക്കുന്ന പുരാവൃത്തം കൊണ്ടും, അതീവ ചാരുതയാർന്ന പകർന്നാട്ടം കൊണ്ടും വളരെ പ്രാധ്യാന്യം ഉള്ള ഒരു തെയ്യം ആണ് കതിവന്നൂർ വീരൻ അഥവാ മന്ദപ്പൻ.
അമ്മ ദൈവങ്ങൾ, കന്യകമാർ , നാഗദൈവങ്ങൾ, അധികാര വർഗങ്ങളുടെ കൊടും ക്രൂരതയ്ക്ക് ഇരയായി ജീവൻ നഷ്ടപ്പെട്ടവർ , ജീവിച്ചിരുന്ന വീരാളികൾ , പുരാണ കഥാപാത്രങ്ങൾ എന്നിങ്ങനെ പല ഗണത്തിലായി വിവിധ തരം തെയ്യങ്ങൾ ഉണ്ട്. ഇതിൽ തന്നെ ജീവിച്ചിരുന്ന വീരാളി മരണ ശേഷം ദൈവം ആയി മാറിയതിന്റെ ഉത്തമ ഉദാഹരണം ആണ് കതിവന്നൂർ വീരൻ. സംഭവ ബഹുലം ആണ് കതിവന്നൂർ വീരന്റ ജീവിതവും ദൈവികതയിലേക്കുള്ള പ്രയാണവും. സാഹസികതയും യുദ്ധവും പ്രണയവും, യാത്രയും ദുരന്തവും ഒക്കെ സംയോചിച്ചതാണ് കതിവന്നൂർ വീരന്റെ കഥ.
കണ്ണൂർ ജില്ലയിലെ മങ്ങാട്ട് എന്ന സ്ഥലത്തു കുമരച്ചന്റെയും പരക്കയില്ലത്തു ചക്കിയുടെയും മകനായിട്ടാണ് മന്ദപ്പന്റെ ജനനം. ചെറുപ്പം മുതലേ പോരാളിയായ മന്ദപ്പൻ ആയുധ കലയിലും അസ്ത്രവിദ്യയിലും പ്രാവീണ്യം നേടി. ഒരു ഉത്തരവാദിത്വവും ഇല്ലാതെ എന്നും കൂട്ടുകാരൊത്തു അലഞ്ഞു നടന്നു നടക്കുന്ന മന്ദപ്പനെ കുറിച്ച് ഓർത്തു പ്രതാപിയായ കുമരച്ചന് എന്നും ആകുലതയായിരുന്നു. എന്തെങ്കിലും ജോലി ചെയ്യാൻ മന്ദപ്പനെ കുമരച്ചൻ ഉപദേശിച്ചെങ്കിലും അവൻ അതൊന്നും അനുസരിച്ചില്ല. മന്ദപ്പന്റെ ഈ ഉത്തരവാദിത്തമില്ലാത്ത സ്വഭാവത്തിൽ നിന്നും ഒരു മാറ്റവും കാണാത്തപ്പോൾ മകൻ ഇനി നേരായ വഴിക്കു വന്നില്ലെങ്കിൽ വീട്ടിൽ നിന്നും ചോറ് കൊടുക്കരുത് എന്ന് കുമരച്ചൻ ചക്കിയമ്മയോട് കൽപ്പിച്ചു. എന്നാൽ വിശന്നു വന്ന മന്ദപ്പന് ചോറ് കൊടുക്കാതിരിക്കാൻ ചക്കിയമ്മക്ക് ആയില്ല. വീട്ടിലേക്കു വരുമ്പോൾ മന്ദപ്പൻ ചോറ് കഴിക്കുന്നത് കണ്ട കുമരച്ചൻ ദേഷ്യം അടക്കാനാവാതെ മന്ദപ്പന്റെ അമ്പും വില്ലും പൊട്ടിച്ചു കിണറിലേക്ക് എറിഞ്ഞു. വീരാളിയായ മന്ദപ്പന് തന്റെ ആയുധം പൊട്ടിച്ചത് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു, ആയുധം പോയതും ആയുസ്സു പോയതും ഒക്കുമെനിക്കേ എന്ന് പറഞ്ഞു ചോറു പാതി ബാക്കി വെച്ച് മന്ദപ്പൻ വീട്ടിൽ നിന്നും ഇറങ്ങി.
വീട്ടിൽ നിന്നും ഇറങ്ങിയ മന്ദപ്പൻ തന്റെ കുറച്ചു കൂട്ടുക്കാർ കുടകിലേക്കു യാത്ര പോകുന്നത് കണ്ടു. ഈ അവസ്ഥയിൽ വീട്ടിൽ തിരിച്ചു പോകുന്നതിലും നല്ലതു കുടകിലുള്ള നേരമ്മാവന്റെ അടുത്തേക്ക് പോകുന്നതാണ് എന്ന് മന്ദപ്പനു തോന്നി. കുടകിലേക്കു എന്നെയും കൂടെ കൂട്ടണം എന്ന് അവൻ അവരോടു ആവശ്യപ്പെട്ടു. വീട്ടിൽ നിന്നും പിണങ്ങി വന്ന മന്ദപ്പനെ കൂടെ കൂട്ടിയാൽ അവനെ കാണാതെ അവന്റെ അച്ഛനമ്മമാർ വിഷമിക്കും എന്ന് മനസ്സിലാക്കിയ കൂട്ടുകാർ മന്ദപ്പനെ പിന്തിരിപ്പിച്ചു. പക്ഷെ തന്റെ തീരുമാനത്തിൽ മന്ദപ്പൻ ഉറച്ചു തന്നെയായിരുന്നു.
കാടും മാലയും ചുരവും താണ്ടിയുള്ള കുടകിലേക്കുള്ള യാത്ര അതി കഠിനമാണെന്നു മന്ദപ്പന് അറിയാം. വീട്ടിൽ ചെന്ന് അവൻ യാത്രക്കുള്ള ഭാണ്ഡങ്ങൾ തയ്യാറാക്കി തുണിയിൽ കെട്ടി. വീടിൽ നിന്നും ഇറങ്ങുമ്പോൾ ഒരു തേങ്ങ പൊതിച് രണ്ടു മുറിയായി ഉടച്ചു അതിലെ വെള്ളം കുടിച്ചു. പിന്നെ രണ്ടു തേങ്ങാ മുറിയും പടിവാതിൽ വെച്ചു , ഈ രണ്ടു തേങ്ങാ മുറിയും തനിയെ ഒന്നായി ചേരുന്ന കാലത്തേ ഞാൻ ഇനി വീട്ടിലേക്കു തിരിച്ചു വരികയുള്ളു എന്ന് പറഞ്ഞു അവൻ ചുഴലി ഭഗവതിയെ പ്രാർത്ഥിച്ചു യാത്രയായി.
കൂട്ടുകാരെ അടുത്തെത്തി അവന്റെ ഭാണ്ഡവും കാളപ്പുറത്തു വെക്കാൻ പറഞ്ഞെങ്കിലും അവർ തയ്യാറായില്ല , മാത്രമല്ല മന്ദപ്പനെ റാക്കും ഭക്ഷണവും കൊടുത്തു മയക്കി കൂട്ടുകാർ അവിടുന്ന് സ്ഥലം വിട്ടു. ഉറക്കമെഴുന്നേറ്റപ്പോൾ കൂട്ടുകാർ തന്നെ തനിച്ചാക്കി പോയി എന്ന് മന്ദപ്പന് മനസ്സിലായി , എങ്കിലും അവൻ പിന്തിരിഞ്ഞില്ല. കാളയുടെ കുളമ്പ് പാട് നോക്കിയും കാണുന്നവരോടൊക്കെ വഴിചോദിച്ചും മന്ദപ്പൻ യാത്ര തുടർന്നു. അങ്ങനെ കാടും മലയും ചുരവും താണ്ടി കുടകിൽ തന്റെ നേരമ്മാവന്റെ വീട്ടിൽ എത്തി.
ഏക മരുമകൻ വന്നത് അറിഞ്ഞ അമ്മാവനും അമ്മായിയായ കതിവന്നുരമ്മയും അതിയായി സന്തോഷിച്ചു. അവനു ചോറ് വിളമ്പി കൊടുത്തപ്പോൾ തന്റെ കൂട്ടുകാർ വയലിൽ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നും അവർക്കു ഒരു തെര പുല്ലും ഒരു കൊള്ളി തീയും കൊടുത്താൽ മാത്രമേ ഞാൻ ആഹാരം കഴിക്കുകയുള്ളു എന്ന് പറഞ്ഞു. തന്നെ തനിച്ചാക്കി ചതിച്ചവരാണെങ്കിലും അമ്മാവന്റെ അടുത്ത് നിന്നും പുല്ലും തീയും വാങ്ങി അവൻ കൂട്ടുകാർക്കു കൊണ്ട് കൊടുത്തു അവരെ സഹായിച്ചു , ഇനി ഞാൻ മങ്ങാട്ടേക്കു മടങ്ങി വരില്ലെന്ന് വീട്ടുകാരെ അറിയിക്കാൻ അവരോടു പറയുകയും ചെയ്തു.
കുടകിൽ കതിവന്നൂർ വീരൻ തികച്ചും വ്യത്യസ്തനായി വളർന്നു, മങ്ങാട്ട് ഉത്തരവാദിത്തമില്ലാതെ നടന്ന മന്ദപ്പൻ കുടകിൽ എത്തിയപ്പോൾ അദ്ധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കി. നേരമ്മാവൻ തന്റെ നിലമെല്ലാം മകൻ അണ്ണൂക്കനും മരുമകൻ മന്ദപ്പനും പകുത്തു നൽകി. മന്ദപ്പൻ തികഞ്ഞ കൃഷിക്കാരനും എണ്ണ വ്യാപാരിയും ആയി മാറി. മലനാട്ടിലെ നിന്നും ഒരു ചേകവൻ വന്നു കതിവന്നൂരിൽ ഒരു വലിയ കൃഷിക്കാരനായി മാറിയത് അവിടുള്ള മുത്താർ മുടി കുടകർക്കു അസൂയ ജനിപ്പിച്ചു.
അതിനിടെ അമ്മായിയായ കതിവന്നൂർ അമ്മ പറഞ്ഞതനുസരിച്ചു മന്ദപ്പൻ എള്ളാട്ടി എണ്ണ വിൽക്കുവാൻ ഇറങ്ങി. ഒരു നാൾ കച്ചവടം കഴിഞ്ഞു വരുന്ന മന്ദപ്പൻ വേളാർകോട്ടെ പുഴയരികിലൂടെ വന്നപ്പോൾ പുഴയരികിൽ അതീവ സുന്ദരിയായ ചെമ്മരത്തിയെ കണ്ടു. നടന്നു തളർന്ന മന്ദപ്പൻ അവളോട് വെള്ളം ആവശ്യപ്പെട്ടു. പെരുവഴിയിൽ ആരെങ്കിലും വെള്ളം വച്ചിട്ടുണ്ടോ എന്നും വീട്ടിൽ വന്നാൽ വെള്ളം തരാം എന്നും ചെമ്മരത്തി മന്ദപ്പനോട് പറഞ്ഞു. ചെമ്മരത്തിയുടെ വീട്ടിൽ പോയി മന്ദപ്പൻ വെള്ളം കുടിച്ചു. ആദ്യം കണ്ടമാത്രയിൽ തന്നെ ചെമ്മരത്തിയുടെ സൗന്ദര്യവും പെരുമാറ്റവും മന്ദപ്പനെ വല്ലാതെ ആകർഷിച്ചു. ചെമ്മരത്തിയെ വിവാഹം കഴിക്കാൻ ഉള്ള താല്പര്യം മന്ദപ്പൻ അവളെ അറിയിച്ചു. വാഴിക്കുന്നുണ്ടെങ്കിൽ ഭാര്യയായി വാഴാം എന്നും ഒരുത്തനെയും കൈമുതലായി എന്നെ കിട്ടില്ല എന്നും ചെമ്മരത്തി അറിയിച്ചു. അക്കാലത്തു തീയ സമുദായത്തിന്റെ ഇടയിൽ രണ്ടു തരം വിവാഹം ഉണ്ടായിരുന്നു ഒന്നാമത്തേത് പുടവ കൊടുത്തു ഒരു പെണ്ണിനെ ഭാര്യയാക്കി സ്വീകരിക്കുക എന്ന രീതി രണ്ടാമത്തേത് കൈമുതൽ കൊടുത്തു താത്കാലിക ഭാര്യയാക്കി വെക്കുക എന്ന രീതി. പുറമെ നിന്നും ധാരാളം വ്യാപാരികൾ വന്നു പോകുന്ന കുടകിൽ രണ്ടാമത്തെ തരത്തിൽ ഉള്ള അപരിഷ്‌കൃതമായ വിവാഹവും പ്രചാരത്തിൽ ഉണ്ടായിരുന്നു.
തന്റെ ഇഷ്ടം മന്ദപ്പൻ നേരമ്മാവനെയും കതിവന്നൂരമ്മയെയും അറിയിച്ചു. പ്രതാപിയായിരുന്ന നേരമ്മാവനും, കതിവന്നൂരമ്മയ്ക്കും കാവുതീയ വിഭാഗത്തിൽ പെട്ട ചെമ്മരത്തിയോടൊത്തുള്ള വിവാഹത്തിന് താല്പര്യം ഉണ്ടായിരുന്നില്ല. എങ്കിലും മന്ദപ്പന്റെ ഇഷ്ടത്തിന് അവർ എതിർ നിന്നില്ല. കൂടുതൽ ആർഭാടങ്ങൾ ഒന്നും ഇല്ലാതെ മന്ദപ്പന്റെയും ചെമ്മരത്തിയുടെയും കല്യാണം കഴിഞ്ഞു. കല്യാണത്തിന്റെ അന്ന് കതിവന്നൂർ ‘അമ്മ ചെമ്മരത്തിക്കു ഒരു ഉപദേശം കൊടുത്തു. ‘പെറ്റിട്ടു ഒരു പാട് മക്കൾ ഇല്ലെനിക്ക്, എന്നാൽ ഞാൻ പെറ്റത് പോലെ നോക്കി വളർത്തി ഞാൻ എന്റെ മന്ദപ്പനെ , അവനു വിശപ്പും ദാഹവും ഒരിക്കലും സഹിക്കില്ല, ചോറ് ചോദിച്ചാൽ ചോറും , പാല് ചോദിച്ചാൽ പാലും അന്നേരം അവനു കൊടുക്കേണമേ നീ ചെമ്മരത്തി, വീട്ടിൽ കലഹവും ഉണ്ടാവരുതേ’.
വിവാഹ ശേഷം മന്ദപ്പൻ ചെമ്മരത്തിയുടെ കൂടെ വേളാർകോട് തന്നെ താമസമാക്കി, അവിടുന്ന് എണ്ണ വ്യാപാരം വീണ്ടും ആരംഭിച്ചു. ഒരു ദിവസം എണ്ണ വിൽക്കാൻ പോയ മന്ദപ്പന് രാത്രി വൈകിയത് കൊണ്ട് വീട്ടിലേക്കു തിരിച്ചു വരാൻ പറ്റിയില്ല. ചെമ്മരത്തി അതീവ ദുഖിതയായി, മന്ദപ്പൻ വേറെ ഏതോ സ്ത്രീയുടെ കൂടെ രാത്രി കഴിഞ്ഞു എന്ന് അവൾ സംശയിച്ചു, യോദ്ധാവും സുന്ദരനുമായ മന്ദപ്പൻ വിചാരിച്ചാൽ ഏതു പെണ്ണും അവന്റെ കൂടെ പോകും എന്ന് ചെമ്മരത്തി വിചാരിച്ചു. പിറ്റേന്ന് രാവിലെ മന്ദപ്പൻ വേളാർകോട് എത്തിയപ്പോൾ കോപിതയായ ചെമ്മരത്തി മന്ദപ്പന് ചോറും പാലും ഉണ്ടാക്കി കൊടുത്തില്ല, ചോറും പാലും ചോദിച്ച മന്ദപ്പനോട് പാലിന് പകരം ചോരയും ചോറിനും പകരം തലച്ചോറും കഴിക്കാനായി കോപത്തോടെ ചെമ്മരത്തി ആവശ്യപ്പെട്ടു. പിന്നെ അവൾ ചോറ് വിളമ്പി കൊടുത്തെങ്കിലും ചോറ് കഴിക്കുന്നതിനിടെ മൂത്താർ മുടി കുടകരുടെ പോർവിളി കേട്ടു. ചോറ് പാതി ബാക്കിവെച്ചു മന്ദപ്പൻ പോരിന് പുറപ്പെട്ടു . ചെമ്മരത്തി തടഞ്ഞെങ്കിലും വഴി നീളെ ദുർ നിമിത്തങ്ങൾ കണ്ടെങ്കിലും ഒന്നും വകവെക്കാതെ മന്ദപ്പൻ ആയുധം എടുത്തു പടയ്ക്കു പോയി. ഘോര യുദ്ധത്തിനു ശേഷം മന്ദപ്പൻ മുത്താർ മുടി കുടകരുടെ പടയെ പരാജയപ്പെടുത്തി. തിരിച്ചു വരുന്ന വഴിയാണ് തന്റെ പീഡ മോതിരവും ചെറുവിരലും ഏറ്റു പോയത് മന്ദപ്പന് മനസ്സിലായത്. അങ്ങനെ ഒരവസ്ഥയിൽ തിരിച്ചു വീട്ടിൽ പോകാൻ മന്ദപ്പന് സാധിക്കുമായിരുന്നില്ല , അവൻ വീണ്ടും തിരിച്ചു യുദ്ധക്കളത്തിൽ എത്തി. മുത്താർ മുടി കുടകരുടെ പട അവിടെ ഒളിച്ചിരിപ്പുണ്ടായിരുന്നു അവർ മന്ദപ്പന്റെ ദേഹത്തേക്ക് തുരു തുരാ അമ്പെയ്തു. മന്ദപ്പന്റെ ശരീരം ഛിന്നഭിന്നമായി. മന്ദപ്പന്റെ ചെറുവിരൽ വേളാർകോട് കഥളി വാഴയുടെ ഇലയിൽ മേലെ പതിച്ചു. ഭർത്താവിനെ കാത്തു നിന്ന ചെമ്മരത്തി മന്ദപ്പൻ മരണപെട്ടതറിഞ്ഞു തകർന്നു പോയി. വിവരം അറിഞ്ഞു നേരമ്മാവനും, കതിവന്നൂർ അമ്മയും , അണ്ണുക്കനും എത്തി. അവർ മന്ദപ്പന്റെ ചിന്നി ചിതറിയ ശരീര ഭാഗങ്ങൾ എല്ലാം പെറുക്കി കൂട്ടി. ചുഴലി ഭഗവതിയുടെ ശക്തിയാൽ കാറ്റടിച്ചു വലിയ മരക്കൊമ്പ് വീണു. ആ മരത്തിൽ അവർ മന്ദപ്പന് വേണ്ടി ചിത ഒരുക്കി മന്ദപ്പനെ ദഹിപ്പിച്ചു. എല്ലാവരും പിരിയാറായി , അപ്പോൾ മുകളിൽ ഒരു വെള്ളി നക്ഷത്രം കാണുന്നു എന്ന് ചെമ്മരത്തി പറഞ്ഞു , എല്ലാവരും മുകളിലേക്ക് നോക്കി നിൽക്കേ മന്ദപ്പന്റെ ചിതയിലേക്ക് ചാടി അതീവ ദുഃഖിതയായ ചെമ്മരത്തി ആത്മഹത്യ ചെയ്തു.
ശവ സംസ്കാരം കഴിഞ്ഞു എല്ലാവരും പന്താർ മുടി ആറ്റിൽ ഇറങ്ങി കുളിക്കവേ, ദൈവക്കരുവായി മാറിയ മന്ദപ്പനും ചെമ്മരത്തിയും കടവിൽ കുളിക്കുന്നതായി അണ്ണൂക്കൻ കണ്ടു. പക്ഷെ അവിടെ ചെന്ന് നോക്കിയപ്പോൾ പാറയിൽ വെള്ളം നനഞ്ഞു കിടക്കുന്നതല്ലാതെ ആരെയും കണ്ടില്ല. പീഡ മോതിരം അണിഞ്ഞ ചെറുവിരൽ വീണ കദളി വാഴ വിറച്ചു തുടങ്ങി , അണ്ണൂക്കൻ ആ വാഴ തൊട്ടപ്പോൾ അയാളുടെ മേൽ മന്ദപ്പന്റെ ചൈതന്യം വെളിപ്പെട്ടു, മന്ദപ്പന്റെ പേരിൽ തെയ്യം കെട്ടിയാടുവാൻ അരുളപ്പാടുണ്ടായി. അതനുസരിച്ചു വസുവന കനലാടിയെ വിളിച്ചു മന്ദപ്പൻ കെട്ടിയാടി , നേരമ്മാവൻ തെയ്യത്തിനെകതിവന്നൂർ വീരാ എന്ന് വിളിച്ചു. അങ്ങനെ വീരാളിയായ മന്ദപ്പനെ സ്മരിച്ചു കൊണ്ടുള്ള തെയ്യത്തിനു കതിവന്നൂർ വീരൻ എന്ന പേര് വന്നു. കതിവന്നൂർ വീരൻ തെയ്യത്തിനൊപ്പം അണ്ണുക്കൻറെ കോലവും കെട്ടിയാടാറുണ്ട്. ചെമ്മരത്തിയുടെ സ്മരണയ്ക്കായി വാഴപ്പോള കൊണ്ട് പീഠമുണ്ടാക്കി തിരിയിട്ടു ചെമ്മരത്തി തറ എന്ന പേരിൽ കതിവന്നൂർ വീരൻ കെട്ടുമ്പോൾ അലങ്കരിച്ചു വെക്കാറുണ്ട്.
വാക്കോട്ട് തണ്ടയാൻ, കല്ലിങ്കൽ തണ്ടയാൻ, പുന്നക്കീൽ തണ്ടയാൻ, ആമേരി തണ്ടയാൻ എന്നീ തണ്ടയാൻ (അധികാരി) മാർ കുടകിൽ നിന്നും മലനാട്ടിലേക്കു പോകും വഴി കതിവന്നൂർ വീരന്റെ തോറ്റം കാണുകയും അതിൽ ആകൃഷ്ടരായി കതിവന്നൂർ വീരനെ മലനാട്ടിൽ കൊണ്ടുവരാൻ പ്രാർത്ഥിക്കുകയും ചെയ്തു. അവരിൽ പ്രസാദപെട്ട കതിവന്നൂർ വീരൻ അങ്ങനെ മലനാട്ടിലേക്കും എത്തി. വടക്കൻ കേരളത്തിൽ പലയിടത്തും കതിവന്നൂർ വീരന് സ്ഥാനം ഉണ്ട്. പല തീയതികളിൽ ആയി അവിടെ ഒക്കെ കതിവന്നൂർ വീരൻ തെയ്യം കെട്ടിയാടാറുണ്ട്.
വരവിളി
വരികാ നിരുവിച്ചൊരു കാര്യം വീര്യം
സാധിച്ചിട്ടീ സ്ഥാനത്തും പോന്ന് ശേഷിപ്പെട്ടു
പാമാടപ്പലകമ്മേൽ കളിച്ചു വിളയാടി
എഴുന്നള്ളി കുടികൊണ്ടു ഞാൻ ചൊല്ലും തോറ്റം കേൾപ്പാൻ
എഴുന്നള്ളി വരികവേണം കതിവനൂര് വീരൻ ദൈവേ…