വടക്കൻ കേരളത്തിലെ തെയ്യക്കോലങ്ങളിൽ ഏറ്റവും രൗദ്രഭാവം പൂണ്ട തെയ്യം ആണ് കരിഞ്ചാമുണ്ഡി. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങളിൽ ആണ് പ്രധാനമായും കരിഞ്ചാമുണ്ഡിയെ കെട്ടിയാടുന്നത്. കാഴ്ചയിലും, പകർന്നാട്ടത്തിലും, അനുഷ്ഠാനങ്ങളിലും അങ്ങേ അറ്റം രൗദ്രത നിറഞ്ഞ കരിഞ്ചാമുണ്ഡി തെയ്യം കാണുന്ന ലോല ഹൃദയം ഉള്ളവരിൽ ഭയം ജനിപ്പിക്കും എന്നത് തീർച്ചയാണ്.
അതീവ ശക്തി ശാലിയും അങ്ങേ അറ്റം ദുഷ്ടനും ആയിരുന്ന മഹിഷാസുരനെ നിഗ്രഹിച്ച ദേവി തന്നെ ആണ് കരിഞ്ചാമുണ്ഡി എന്നാണ് വിശ്വാസം. ഒരു സ്ത്രീക്ക് മാത്രമേ തന്നെ വധിക്കാൻ സാധിക്കുകയുള്ളൂ എന്ന് ബ്രഹ്മ ദേവനിൽ നിന്നും വരസിദ്ധി ലഭിച്ച ശക്തനായ മഹിഷാസുരൻ ത്രിലോകവും കീഴടക്കി തന്റെ ദുർഭരണം തുടർന്നു. മഹിഷാസുരന്റെ ദുഷ്ടതകൾക്കു ഒരു അവസാനം കണ്ടെത്താൻ ത്രിമൂർത്തികൾ ദേവ സൈന്യത്തോടൊത്തു മഹിഷാസുരനോട് നേരിട്ട് യുദ്ധം ചെയ്‌തെങ്കിലും പരാജയമായിരുന്നു ഫലം. ഒടുവിൽ ത്രിമൂർത്തികൾ ആയ ബ്രഹ്‌മാവും, മഹാവിഷ്ണുവും പരമശിവനും ചേർന്ന് അവരുടെ മൂന്നു പേരുടെയും ചൈതന്യത്തിൽ നിന്നും മഹിഷാസുരനെ വധിക്കാൻ മഹാ ശക്തി ശാലിയായ ഒരു ദേവിയെ സൃഷ്ടിച്ചു.
ഹിമവാൻ നൽകിയ മഹാസിംഹത്തിന്റെ മുകളിൽ കയറി ദേവി പോരിന് പുറപ്പെട്ടു. ദേവിയെ കണ്ടമാത്രയിൽ മഹിഷാസുരൻ ദേവിയുടെ സൗന്ദര്യത്തിൽ മയങ്ങുകയും അവളെ പത്നിയായി വാഴിക്കാം എന്ന് പറയുകയും ചെയ്തു. എന്നാൽ എന്നെ യുദ്ധത്തിൽ പരാജയപ്പെടുത്തിയാൽ നിന്റെ പത്നിയായി വാഴാം എന്ന് ദേവി മഹിഷാസുരനോട് പറഞ്ഞു. അങ്ങനെ ദേവിയും മഹിഷാസുരനും തമ്മിൽ യുദ്ധം തുടങ്ങി , മഹിഷാസുരന്റെ അനുയായികളെ എല്ലാം ദേവി കൊന്നൊടുക്കി , ഒടുവിൽ മഹാവിഷ്ണു നൽകിയ ചക്രായുധം ഉപയിഗിച്ചു ദേവി മഹിഷാസുരന്റെ കഴുത്തറത്തു കൊന്നു.
കരിഞ്ചാമുണ്ഡിയുടെ ഇതിവൃത്തത്തെ കുറിച്ച് മുകളിൽ പറഞ്ഞ കഥയാണ് കൂടുതൽ പ്രചാരത്തിൽ ഉള്ളതെങ്കിലും. പല നാടുകളിലും പല സമുദായങ്ങളിലും ആയി കരിഞ്ചാമുണ്ഡിയുടെ ഉത്പത്തിയെ കുറിച്ചും വാഴ്ചയെ കുറിച്ചും വ്യത്യസ്തങ്ങൾ ആയ പല കഥകളും ഉണ്ട്.
അസുര നിഗ്രഹത്തിന് ശേഷം ദേവി ദുഷ്ടരെ ശിക്ഷിക്കാനും സജ്ജനങ്ങളെ സഹായിക്കാനും ഭൂമിയിൽ വന്നു എന്നാണ് വിശ്വാസം. പാണ്ടി ദേശത്തു താമസിച്ച ദേവി പിന്നീട് കുടക് ദേശത്തേക്കു സഞ്ചരിച്ചു. കുടക് ദേശത്തോടു ചേർന്ന ചെറിയ പായം മലയിലെ ആദിവാസി മൂപ്പൻ ആയിരുന്നു ചെറുപറമ്പൻ കറുത്ത കേളൻ. ഒരു ദിവസം കള്ളു ചെത്തി തിരിച്ചു വരുന്ന മൂപ്പൻ കോളി മരങ്ങൾ നിറഞ്ഞ കൊഴിത്താവളം എന്ന ഒരു സ്ഥലത്തു വെച്ച് ഉഗ്ര രൂപിയായ കരിഞ്ചാമുണ്ഡിയെ കണ്ടു. ഉഗ്ര മൂർത്തിയെ കണ്ടു ഭയന്ന് വിറച്ച കേളൻ ഒരു മരത്തിനു പിറകിൽ ഒളിച്ചു നിന്നു. ഇത് മനസ്സിലാക്കിയ ദേവി മരം മറഞ്ഞു നിന്നാൽ മരം ചുറ്റി വരും ഞാൻ ചെറുപ്പറമ്പാ എന്ന് അരുളി ചെയ്തു. ഭയന്ന് വിറച്ച കേളൻ എന്റെ പായത്ത് കണ്ട പരദേവതേ എന്ന് വിളിച്ചു കരിഞ്ചാമുണ്ഡിയെ തൊഴുതു വണങ്ങി നിന്നു. തുടർന്ന് തന്റെ കയ്യിൽ ഉണ്ടായിരുന്ന മുളം കുറ്റി കള്ളും അവലും മലരും മൂപ്പൻ ദേവിക്ക് സമർപ്പിച്ചു. ഇതിൽ സംതൃപ്തയായ ദേവി ഈ സ്ഥലം എന്റെ ആവാസസ്ഥാനവും ആരൂഢം ആക്കണം എന്ന് ആഗ്രഹിച്ചു. അതിനായ് സ്ഥലം ഉടമയായ അഷ്ടമച്ചാൽ പുതിയിടത്ത് വാണവരെ തേടി ദേവി യാത്രയായി. അങ്ങനെ ചാമുണ്ഡി കല്ല്, തോരക്കാട് , വലിയ പായം , ശാന്തിപുരം , ആലക്കോട്, തൊണ്ടൻകുന്നു , ചട്ടിവയൽ വഴി ദേവി തിരുനെറ്റിക്കൽ എന്ന സ്ഥലത്തെത്തി , തിരുനെറ്റിക്കല്ലിൽ വഴിയിൽ ഉണ്ടായ വലിയ പാറ ദേവിക്ക് പോകാൻ പിളർന്നു വഴിയൊരുക്കി. അങ്ങനെ കരിഞ്ചാമുണ്ഡി കൊട്ടത്തലച്ചി മല എന്ന സ്ഥലത്തെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്ന ദുർമന്ത്രവാദിയായ ഞരമ്പൻ മൊയ്‌ദീൻ എന്നയാളുടെ ചെയ്തികളിൽ കോപിഷ്ഠയായി. മലയിൽ നിന്നും ഒരു വലിയ പാറ തള്ളിയിട്ടു ദേവി ആ ദുർമന്ത്രവാദിയെ കുടുംബത്തോടെ നശിപ്പിച്ചു. പിന്നെ ആ പാറ ഉരുണ്ടു വന്നു പുളിങ്ങോം പള്ളിക്കു നേർ കുതിച്ചപ്പോൾ പൊട്ടൻ ദൈവം തന്റെ മാടിക്കോൽ കൊണ്ട് അതിനെ തടഞ്ഞു നിർത്തി. അവിടെ നിന്നും യാത്ര തുടർന്ന ദേവി പ്രാപ്പൊയിൽ , പാച്ചാണി പുഴ കടന്നു മീൻകുളത്തപ്പനെ കൈതൊഴുതു പയ്യന്നൂർ ഇടച്ചേരി ആലിൻകീഴിൽ അഷ്ടമച്ചാൽ തമ്പുരാന് ദർശനം നൽകി അങ്ങനെ തമ്പുരാനോട് തനിക്കു വാസസ്ഥലമായി കൊഴിത്താവളം വേണം എന്ന് ആവശ്യപ്പെടുകയും ഭക്തിയോടെ അഷ്ടമച്ചാൽ തമ്പുരാൻ അത് അനുവദിക്കുകയും ചെയ്തു. അങ്ങനെ ദേവി തന്റെ ഇഷ്ട വാസസ്ഥാനത്തേക്കു പോയി. പിന്നീട് അവിടെ നിന്നും ദേവി തടിക്കടവ് എന്ന സ്ഥലത്തുള്ള പെരുവണ്ണാന്റെ കുടുംബത്തിൽ എത്തി , അവിടെ ഉണ്ടായിരുന്ന മുത്തശി ദേവിയെ പടിഞ്ഞാറ്റയിൽ ഇരുത്തി വിളക്ക് വെച്ച് വെള്ളോട്ട് കിണ്ടിയിൽ പാല് നൽകി സൽക്കരിച്ചു. അതിൽ സംപ്രീതയായ ദേവി പടിഞ്ഞാറ്റയിൽ തന്റെ രൂപം ആലേഖനം ചെയ്തു മറഞ്ഞു. അന്ന് രാത്രി പെരുവണ്ണാന്റെ സ്വപ്നത്തിൽ പ്രത്യക്ഷയായ ദേവി തന്റെ കോലം കെട്ടിയിടാൻ പെരുവണ്ണാനോട് അരുളി ചെയ്തു , അത് പ്രകാരം മലനാട്ടിൽ കരിഞ്ചാമുണ്ഡി തെയ്യമായി കെട്ടി യാടി തുടങ്ങി. കരിമ്പാല സമുദായത്തിൽ പെട്ട ചപ്പിരി, മാങ്ങാട് , പുതുശ്ശേരി എന്നീ തറവാട്ടുകാരും ചെറു പറമ്പൻ കറുത്ത കേളന്റെ പിന്മുറക്കാരും ആണ് ദേവിക്ക് കലശം ആടേണ്ടത്.
പണ്ട് കാലത്തു കരിഞ്ചാമുണ്ഡിയെ ആരാധിച്ചിരുന്ന ഗ്രാമങ്ങളിൽ സത്യാ പരിപാലകാ പദവി കൂടി കരിഞ്ചാമുണ്ഡി തെയ്യത്തിനു ഉണ്ട്. നാട്ടിൽ നടന്ന അനവധി കുറ്റകൃത്യങ്ങൾ കരിഞ്ചാമുണ്ഡിയുടെ തിരു നടയിൽ തെളിഞ്ഞിട്ടുണ്ടെന്ന് പറയപ്പെടുന്നു.
കരിഞ്ചാമുണ്ഡി തെയ്യത്തിന്റെ തോറ്റം പാട്ടിലെ തുടക്കം ..
സരസ്വതി വരികെൻ നാവിൽ
ഗണപതി വലത്തു നിൽക്കേ…
മുക്കറം പുറപ്പെടുമ്പോലെ
മൂകൃതനീക്കുലയുടെ മാലതൂക്കി
കോൽകൾ വന്നു കൂട്ടമിട്ടു
കാൽകൾ വന്നു വിശപ്പെട്ട്
കൂട മാതാളറചെന്നിന പരദേവത
ഇരുള് കൊണ്ടൊരു പന്തലാക്കി
രാക്കൊണ്ടൊരു പടുത്തിരിക്ക
ആനന്തപ്പൂ പരിചിട്ടടിയിന്നു മുടിയോളം
ആനന്തപ്പൂ പൊൻചൂടി
കൊണ്ടളമാന തമ്പുരാനേ
നാഗമരം ചന്ദനം കാതലാക്കി
സ്ഥാനത്തു പിടിച്ച പിടി കൊണ്ട മൂർത്തേ
നിങ്ങളോരാറ്റകം തോറ്റകം
ഞാനറിയാതെ ചൊല്ലി സ്തുതിക്കും നേരം
നിങ്ങളറിഞ്ഞു കേൾക്കവേണം
പായത്ത് കരിഞ്ചാമുണ്ഡിയമ്മേ ….