കണ്ണങ്ങാട്ട് ഭഗവതി

അമ്മ ദൈവങ്ങളിൽ പ്രധാനിയായ കണ്ണങ്ങാട്ട് ഭഗവതി തെയ്യം മണിയാണി(യാദവ) വിഭാഗത്തിൽ ഉള്ളവരുടെ കുല ദേവതയാണ്. സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാന്റെ സഹോദരിയായ യോഗമായാ ദേവിയെയാണ് കണ്ണങ്ങാട്ട് ഭഗവതി തെയ്യമായി കെട്ടിയാടുന്നത്‌.

മുച്ചിലോട്ടു ഭഗവതിയുടെ ഉറ്റ തോഴിയായ കണ്ണങ്ങാട്ട് ഭഗവതിക്കു രൂപത്തിലും നടനത്തിലും മുച്ചിലോട്ടു ഭഗവതിയുമായി ഏറെ സാമ്യം ഉണ്ട്. കണ്ണങ്ങാട്ട് ഭഗവതി തെയ്യം കെട്ടിയാടുന്ന കാവുകളെ കണ്ണങ്ങാട്ട് കാവുകൾ എന്നാണ് വിളിക്കാറുള്ളത്. മുച്ചിലോട്ടു കാവുകളിലും കണ്ണങ്ങാട്ട് ഭഗവതിയെ കെട്ടിയാടിക്കാറുണ്ട്.

കണ്ണങ്ങാട്ട് ഭഗവതിയുടെ ഐതിഹ്യം ഇങ്ങനെ ആണ്. മഹാ ദുഷ്ടനായ അസുര ചക്രവർത്തി കംസന്റെ ദുർഭരണം കൊണ്ട് നാട് പൊറുതി മുട്ടിയപ്പോൾ സ്വന്തം സഹോദരിയായ യശോദയുടെ എട്ടാമത്തെ പുത്രനാൽ കംസൻ കൊല്ലപ്പെടും എന്ന് ദൈവികമായ അശരീരിയുണ്ടാവുന്നു. മരണ ഭയം പിടിപെട്ട കംസൻ ദേവകിയിൽ പിറക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും കൊന്നൊടുക്കുന്നു. എന്നാൽ എട്ടാമത്തെ പുത്തനായ കൃഷ്ണൻ ജനിക്കുന്ന വേളയിൽ ദേവകിയുടെ ഭർത്താവ് വാസുദേവൻ മഹാവിഷ്ണുവിന്റെ നിർദ്ദേശ പ്രകാരം കൃഷ്ണന്റെ സ്ഥാനത്തു നന്ദ ഗോപ യശോദാ ദമ്പതിമാർക്ക് അതേ സമയം പിറന്ന കുട്ടിയായ യോഗമായയെയും അത് പോലെ യോഗമായയുടെ സ്ഥാനത്തു കൃഷ്ണനെയും പരസ്പരം മാറ്റി വെക്കുന്നു.

എട്ടാമത്തെ പുത്രനെ വധിക്കാൻ വന്ന കംസൻ കണ്ടത് പെൺകുഞ്ഞിനെ ആയിരുന്നു, എങ്കിലും ആ കുഞ്ഞിനെയും കംസൻ വധിക്കാൻ ഒരുങ്ങി. എന്നാൽ പൊടുന്നനെ ആ പെൺകുഞ്ഞു ആകാശത്തേക്ക് പറന്നുയർന്നു യോഗമായ ദേവിയായി മാറി. ദുഷ്ടനായ കംസാ നിന്റെ അന്തകൻ ഭൂമിയിൽ ജനനം എടുത്തു കഴിഞ്ഞു എന്ന് പറഞ്ഞു ദേവി അപ്രത്യക്ഷയായി.

കാലങ്ങൾ കഴിഞ്ഞു ഭഗവൻ കൃഷ്ണൻ കംസനെ വധിച്ചു. തന്റെ അവതാരോദ്ദേശങ്ങൾ എല്ലാം നിറവേറ്റി കൃഷ്ണൻ സ്വർഗത്തിലേക്ക്‌ മടങ്ങുന്ന വേളയിൽ യാദവർ ദുഖിതരായി. യാദവരുടെ ദുഃഖം മനസ്സിലാക്കിയ കൃഷ്ണൻ തന്റെ അസ്സാന്നിധ്യത്തിലും യോഗമായ ദേവി നിങ്ങളുടെ രക്ഷയ്ക്കായി ഉണ്ടാവും എന്ന് അരുളി ചെയ്തു. അപ്രകാരം യോഗമായ ദേവി യാദവരുടെ കുലദേവത ആയി മാറി. അങ്ങനെ കണ്ണൻ കാണിച്ചു കൊടുത്ത ഭഗവതി കണ്ണങ്ങാട്ട് ഭഗവതി ആയി എന്നാണ് അറിയപ്പെടുന്നത്. പിന്നീട് മലനാട്ടിൽ മണിയാണി(യാദവ) വിഭാഗത്തിൽ ഉള്ളവർ യോഗമായ ദേവിയെ കണ്ണങ്ങാട്ട് ദേവിയായി തെയ്യം കെട്ടിയാടി തുടങ്ങി.

പിന്നീട് യോഗമായ ദേവി കൈലാസത്തിൽ എത്തി മഹാദേവനെ വണങ്ങി. പരമശിവൻ ദേവിയെ മകളായി കണ്ടു തിരുമുടിയും തിരുവായുധവും നൽകി അനുഗ്രഹിച്ചു ശിഷ്ട ജന പാലനത്തിനായി ഭൂമിയിലേക്ക് അയച്ചു.

ഭൂമിയിൽ എത്തിയ ഭഗവതി മലനാട്ടിൽ എത്തി പയ്യാവൂർ പഴശ്ശി പെരുമാളുടെ അടുക്കൽ കയ്യെടുത്തു. പഴശ്ശിയിലെ ജനങ്ങളെ പരിപാലിച്ചു വർഷങ്ങളോളം ദേവി അവിടെ കുടികൊണ്ടു. അങ്ങനെ ദേവിക്ക് പഴശ്ശി ഭഗവതി എന്നും പേര് വന്നു.

പഴശ്ശിയിൽ നിന്നും യാത്ര തിരിച്ച ഭഗവതി പിന്നീട് വയറ്റൂര് മഠം വഴി പയ്യാവൂർ വടക്കേ കാവിൽ കയ്യെടുത്തു. സർവ ശക്തയായ ഭഗവതിയെ വയറ്റൂര് കാളിയാർ സ്വീകരിച്ചു സ്ഥാനം നൽകി ആദരിച്ചു. പയ്യാവൂർ തട്ടിൽ ഇരുപത്തി അഞ്ചു വർഷമായി മുടങ്ങി കിടക്കുന്ന ഊട്ടുത്സവം നടത്തി തരാൻ വയാറ്റൂർ കാളിയാർ ദേവിയോട് ആവശ്യപ്പെട്ടു. എന്നാൽ ഊട്ടുത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് ഉത്സവം കഴിയും വരെ അവിടെ നിന്നും മാറി വണ്ണായി കടവിൽ കുടിയിരിക്കാൻ കാളിയാർ ഭഗവതിയോടു ആവശ്യപ്പെട്ടു. ഊട്ടുത്സവം കഴിഞ്ഞാൽ തിരികെ എഴുന്നള്ളിക്കാം എന്നും കാളിയാർ ദേവിയോട് പറഞ്ഞു.

പറഞ്ഞ പ്രകാരം കാവിലെ പൂജാരി ആയിരുന്ന കാർവള്ളി ഭ്രാഹ്മണർ ദേവിയെ വണ്ണായി കടവിൽ എഴുന്നള്ളിച്ചു കരിങ്കൽ കട്ടിളയിൽ ബന്ധിച്ചു. ഉത്സവം കഴിയുന്നത് വരെ ദേവി അവിടെ കുടികൊണ്ടു. എന്നാൽ കാളിയാർ വാക്ക് പാലിച്ചില്ല , ഉത്സവം കഴിഞ്ഞിട്ടും ദേവിയെ അവർ തിരിച്ചു ആനയിച്ചില്ല. കോപാകുലയായ ദേവി കരിങ്കല്ല് കട്ടിൽ ഭേദിച്ചു ഉഗ്ര രൂപം പൂണ്ടു പുറത്തിറങ്ങി. കാർവള്ളി ഭ്രാഹ്മണനെ കൊന്നു കഷ്ണങ്ങളാക്കി തന്റെ ഭൂത ഗണങ്ങൾക്ക് ഇട്ടു കൊടുത്തു. കണ്ണിൽ കണ്ടതെല്ലാം തകർത്തെറിഞ്ഞു വരുന്ന ഭഗവതിയെ വയറ്റുർ കാളിയാർ ഒരു വിധം അനുനയിപ്പിച്ചു മേലേരിയും തിരുമുടിയും കൂടുതൽ പൂജകളും സ്ഥാനങ്ങളും നൽകി കൂടെ നിർത്തി.

പയ്യാവൂരിൽ നിന്നും തനിക്കൊരു നായനാരെ കൽപ്പിക്കാൻ ഭഗവതി പടിഞ്ഞാറേക്ക് നടന്നു. ഓരിശേരി കല്ലിൽ എത്തിയ ദേവിയെ ആറ്റിൽ മോയോനും നെല്ലിക്ക തീയനും സ്വീകരിച്ചു. അവിടെ നിന്നും ദേവി ഉദിനരിലേക്കു പുറപ്പെട്ടു. മഡിയൻ എന്ന സ്ഥലത്തെ ക്ഷേത്ര പാലകനെ കണ്ടു തന്റെ നായനാരായി നിൽക്കാൻ ആവശ്യപ്പെട്ടു. അങ്ങനെ മഡിയൻ ക്ഷേത്രപാലകൻ ഭഗവതിയുടെ നായനാർ ആയി ഭഗവതിക്ക് അള്ളടം നാട്ടിൽ സ്ഥാനം കൽപ്പിച്ചു നൽകി.

ഈ കാലത്തു ഉദിനൂർ ക്ഷേത്രത്തിൽ തൊഴാൻ വന്ന കൂട്ടൂർ മണിയാണിയിലും, അമ്പിലേറി മണിയാണിയിലും ദേവി സംപ്രീതയായി.

ക്ഷേത്ര പാലകന്റെ അനുമതിയോടെ കൂട്ടൂർ മണിയാണിയുടെ വെള്ളോല കുടയിൽ കയറി ദേവി പുറപ്പെട്ടു. വെള്ളോല കുടയിൽ കണ്ണങ്ങാട് ഭഗവതിയുടെ ചൈതന്യം മനസ്സിലാക്കിയ കൂട്ടൂർ മണിയാണി ഭഗവതിയെ തന്റെ കന്നി കൊട്ടിലിൽ കുടി ഇരുത്തി.

അവിടെ നിന്ന് ഭഗവതി പയ്യന്നൂർ പെരുമാളിന്റെ അടുത്തെത്തി. ശക്തി സ്വരൂപിണിയായ ഭഗവതിയാണ് എത്തിയിരിക്കുന്നത് എന്ന് മനസ്സിലാക്കിയ പയ്യന്നൂർ പെരുമാൾ. ശിഷ്ട ജന പരിപാലത്തിനും ശത്രു നിഗ്രഹത്തിനുമായി ഭഗവതിക്ക് അനുവാദം കൊടുത്തു ക്ഷേത്രം പണിതു പൂജകൾ കല്പിച്ചു നൽകി.

പത്തു വീട്ടു കാറും, പതിനാറു തിരു മല ആറിടത്തിൽ വാഴുന്നവരും, പയ്യന്നൂർ തറയിലെ ലോകരും മൂന്നു കഴകവും, നാല് കൊട്ടിൽ പരദേവത മാറും കണ്ണങ്ങാട് ഭഗവതിക്ക് ബന്ധുക്കൾ ആയി.

കൊറ്റി, താമര തുരുത്തി, കാരളിക്കാര, കോക്കനശേരി, രാമന്തളി, ഇടനാട്, കാങ്കോൽ, ആലപ്പടമ്പ് , പെരിങ്ങോം, കുറ്റൂർ, ആലക്കാട്, വെള്ളോറ എന്നിങ്ങനെ പതിനൊന്നു സ്ഥാനങ്ങളിൽ ആയി ഇരുപത്തി രണ്ടു ദേശത്തു ദേവി നിലനിന്നു പോരുന്നു.

തമിഴ് ഇതിഹാസ കാവ്യമായ ചിലപ്പതികാരത്തിലെ നായികയായ കണ്ണകിയെ ആണ് കണ്ണങ്ങാട്ടു ഭഗവതി തെയ്യമായി കെട്ടിയാടുന്നത് എന്ന കഥയും പ്രചാരത്തിൽ ഉണ്ട്. എങ്കിലും ഏറെ പ്രചാരത്തിൽ ഉള്ള വിശ്വാസം യോഗമായ ദേവിയുമായി ബന്ധപ്പെട്ടുള്ള കഥ ആണ്.

kannangad bhagavathi-27a7ee86-0e98-4376-8e9e-c9d9ae5af7cf
kannangad bhagavathi-083f050b-ccae-476e-adcb-4c0fbd0d786e
kannangad bhagavathi-819f4469-84db-4c43-9494-d2a2433e79b9
kannangad bhagavathi-844b3aa2-f0d6-4572-9f72-020a002630a2
kannangad bhagavathi-ae9642c0-6a8b-45f6-b5c4-355881c134ab
previous arrow
next arrow
kannangad bhagavathi-27a7ee86-0e98-4376-8e9e-c9d9ae5af7cf
kannangad bhagavathi-083f050b-ccae-476e-adcb-4c0fbd0d786e
kannangad bhagavathi-819f4469-84db-4c43-9494-d2a2433e79b9
kannangad bhagavathi-844b3aa2-f0d6-4572-9f72-020a002630a2
kannangad bhagavathi-ae9642c0-6a8b-45f6-b5c4-355881c134ab
previous arrow
next arrow