കാട്ടിൽ അനാഥ ബാലനായി ജനിച്ചു ഭൂമിയിൽ മണ്ണോടും മലയോടും പടവെട്ടി നൂറു മേനി വിളയിച്ച അതി സമർത്ഥനായ കർഷകൻ ഒടുവിൽ അതേ കാട്ടിൽ തന്നെ തീയിൽ എരിഞ്ഞമർന്നു വെണ്ണീരായി. കേളൻ എന്ന് പേരുള്ള കർഷകന്റെ ദുരന്ത പര്യവസാനിയായ ജീവിതവും ദൈവക്കരുവായുള്ള പുനർജനനനവും ആണ് കണ്ടനാർ കേളൻ എന്ന തെയ്യത്തിന്റെ ഉല്പത്തിക്ക് ആധാരം.
ഏഴിമലയ്ക്കു അടുത്തുള്ള കുന്നെരു എന്ന സ്ഥലത്തെ വലിയ ഒരു തറവാടായിരുന്നു മേലേടത്ത് തറവാട്. വയനാടൻ മലയിൽ ഉള്ള മുക്കുറ്റി കാട്, മൂവര് കുന്ന്, നല്ല തേങ്ങ, കരിമ്പനക്കാട് എന്നീ നാലു കാടുകൾ ചേരുന്ന പൂങ്കുനം എന്ന സ്ഥലത്തിന്റെ ഉടമകൾ ആയിരുന്നു മേലേടത്തു തറവാട്ടുകാർ. മേലേടത്തു തറവാട്ടിലെ തറവാട്ടമ്മയായ ചക്കിയമ്മയ്ക്കു മക്കൾ ഇല്ലായിരുന്നു, ഒരു നാൾ വയനാടൻ പൂങ്കുനത്തിലെ മുക്കുറ്റി കാട്ടിൽ നിന്നും ചക്കിയമ്മയ്ക്കു തേജസ്സാർന്ന ഒരു ആൺ കുഞ്ഞിനെ കിട്ടി. ചക്കിയമ്മ ആ കുഞ്ഞിനെ മേലേടത്തു തറവാടിൽ കൊണ്ടുപോയി സ്വന്തം മകനെ പോലെ വളർത്തി, അവനു കേളൻ എന്ന്പേരും വിളിച്ചു. അതി സമർത്ഥനും ധീരനുമായ കർഷകനായി കേളൻ വളർന്നു. കേളൻ വിതച്ച നിലങ്ങളിൽ ഒക്കെ നൂറു മേനി കൊയ്ത്തു. കേളന്റെ മിടുക്കിൽ കുന്നെരു ദേശം സമ്പൽ സമൃദ്ധമായി.
കേളന്റെ കഴിവിൽ ചക്കിയമ്മ അതീവ സന്തുഷ്ടയായി. മേലേടത്തു കാരുടെ സ്ഥലമായ വയനാട് പൂങ്കുനം കാട് വെട്ടിത്തെളിച്ചു കൃഷി യോഗ്യമാക്കാൻ ചക്കിയമ്മ കേളനോട് ആവശ്യപ്പെട്ടു. മാതാവിന്റെ ആവശ്യം ശിരസ്സാവഹിച്ചു കേളൻ പൂങ്കുനത്തേക്ക് പുറപ്പെട്ടു. വില്ലും ശരവും ഉരുക്കു കൊണ്ടും ഇരുമ്പു കൊണ്ടും നിർമിച്ച പണിയായുധങ്ങളും എടുത്തു യാത്ര പോകും മുൻപ് വീട്ടിൽ ഉണ്ടായിരുന്ന കള്ളു മുഴുവൻ കേളൻ കുടിച്ചു തീർത്തു. വഴിയിൽ കുടിക്കാൻ ആയി ഒരു കുറ്റി കള്ള് കയ്യിലും മറ്റൊന്ന് മാറാപ്പിലും കരുതി കേളൻ.
പൂങ്കുനത്തെത്തിയ കേളൻ ആദ്യം തന്നെ താൻ കൊണ്ടുവന്ന കള്ള് മുഴുവൻ കുടിച്ചു തീർത്തു, പിന്നെ നാല് കാടും വെട്ടി തെളിച്ചു തുടങ്ങി. നാലാമത്തെ കട്ടിൽ ഉണ്ടായിരുന്ന കരിനെല്ലിമരം ഒഴികെ ബാക്കി എല്ലാ കാടുകളും കേളൻ വെട്ടി തെളിച്ചു. തുടർന്ന് വെട്ടിത്തെളിച്ച കാടുകൾക്കെല്ലാം തീയ്യിട്ടു. കള്ളിന്റെ ലഹരി തലയ്ക്കു പിടിച്ചത് കാരണം വളരെ അപകടകരമായ രീതിയിൽ ആയിരുന്നു കേളൻ കാടുകൾക്കു തീയിട്ടത്. ഒന്നും രണ്ടും കാടുകൾക്കു അവൻ നാല് ഭാഗത്തും തീയിട്ടു , തീപടർന്നു വരുമ്പോൾ അതി സാഹസികമായി പടർന്നു പിടിച്ച അഗ്നിക്ക് ഇടയിലൂടെ അവൻ ഓടി രക്ഷപ്പെട്ടു. ലഹരിയും ആവേശവും മൂത്ത കേളൻ മൂന്നാമത്തെ കാടും അങ്ങനെ തന്നെ നശിപ്പിച്ചു. കേളന്റെ ഈ അതീവ സാഹസികമായ പ്രവൃത്തി കണ്ടു പ്രകൃതി കോപിച്ചു, നാലാമത്തെ കാടിന് തീ വെച്ചപ്പോൾ കാറ്റ് ആഞ്ഞു വീശി, തീ നിയന്ത്രണാതീതമായി പടർന്നു , കേളന് ഒരിക്കലും രക്ഷപ്പെടാൻ പറ്റാത്ത തരത്തിൽ നാല് ഭാഗത്തും വളരെ ഉയരത്തിൽ തീപടർന്ന് പിടിച്ചു. അപ്പോൾ താൻ വെട്ടാതെ മാറ്റി വെച്ചിരുന്ന കരിനെല്ലി മരം കേളൻ കണ്ടു. പ്രാണരക്ഷാർത്ഥം അമ്മെ എന്ന് നിലവിളിച്ചു അതിൽ ഓടി കയറി. എന്നാൽ ആ മരത്തിനു മുകളിൽ കളീയൻ എന്നും കരിവേലൻ എന്നും പേരുള്ള സർപ്പങ്ങൾ ഉണ്ടായിരുന്നു. കേളൻ മരത്തിലേക്ക് വലിഞ്ഞു കേറുന്നത് കണ്ട തീയും പുകയും കാരണം വെപ്രാളം പൂണ്ട സർപ്പങ്ങൾ കേളന്റെ ശരീരത്തിൽ ച്ചുറ്റി പടർന്നു ഇടതു നെഞ്ചിലും വലതു നെഞ്ചിലും ആഞ്ഞു കൊത്തി. നെഞ്ചിൽ ചുറ്റി പടർന്ന രണ്ടു നാഗങ്ങളുമായി കേളൻ തീയിലേക്ക് പതിച്ചു, കേളനും നാഗങ്ങളും കത്തിക്കരിഞ്ഞു വെണ്ണീറായി. ആ സമയം നായാട്ട് കഴിഞ്ഞു വരികയായിരുന്നു ശിവന്റെ പൊന്മകൻ ആതി തീയൻ സാക്ഷാൽ തൊണ്ടച്ചൻ വയനാട്ടു കുലവൻ ദൈവം. മാറിൽ രണ്ടു നാഗങ്ങളുമായി കത്തി കരിഞ്ഞു കിടക്കുന്ന വെണ്ണീറ് കൊണ്ടുള്ള മനുഷ്യ രൂപം കണ്ട തൊണ്ടച്ചൻ തന്റെ വില്ല് നീട്ടി അതിൽ സ്പർശിച്ചു, അതോടെ ആ വെണ്ണീരിന് ജീവൻ വെച്ചു. മാറിൽ രണ്ടു നാഗ രൂപങ്ങളുമായി കേളൻ പുനർജനിച്ച കേളനെ നോക്കി വയനാട്ടു കുലവൻ പറഞ്ഞു ഞാൻ കണ്ടത് കണ്ടനീ ഇനി നീ കണ്ടനാർ കേളൻ എന്നറിയപ്പെടും. തൊണ്ടച്ചൻ കേളന് തന്റെ ഇടതു ഭാഗത്തു സ്ഥാനവും കയ്യിൽ ആയുധവും പൂജയും കല്പിച്ചു കൊടുത്തു.
വയനാട് കുലവന്റെ പാദ സ്പര്ശമേറ്റ കേളൻ അങ്ങനെ ദൈവക്കരുവായി മാറി. കാലം പോകെ കണ്ടനാർ കേളന്റെ കോലം മലനാട്ടിൽ തെയ്യമായി കെട്ടിയയാടി. പ്രതേകിച്ചും കോലസ്വരൂപത്തിൽ മിക്ക ഇടങ്ങളിലും കണ്ടനാർ കേളൻ കെട്ടിയാടുന്നു. തെയ്യം ഇറങ്ങിക്കഴിഞ്ഞു മുടിയഴിക്കും വരെ ഒട്ടു മിക്ക സമയങ്ങളിലും ഉറഞ്ഞാടുന്ന കണ്ടനാർ കേളൻ കെട്ടിയാടുന്ന കലാകാരന് അതീവ മെയ്‌വഴക്കവും ഊർജവും ആവശ്യം ആണ്. അഗ്നിയിൽ ചാരമായ കേളന്റെ കഥയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ കണ്ടനാർ കേളന്റെ തോറ്റവും തെയ്യവും അഗ്‌നിയിൽ ആറാടും. ഉറഞ്ഞു തുളുന്ന തെയ്യം അഗ്നിയിലൂടെ രണ്ടു ദിശയിലേക്കും ഓടും. മാറിൽ എരിഞ്ഞടങ്ങിയ നാഗങ്ങളെ പോലെ കണ്ടനാർ കേളൻ തെയ്യത്തിന്റെ മാറിൽ ചുറ്റി പിണർന്ന രണ്ടു പാമ്പുകളുടെ രൂപം മേക്കേഴ്‌ത്തിയിട്ടുണ്ടാവും.