ദാരികാസുര സംഹാരത്തിനായി പരമേശ്വരന്റെ തൃക്കണ്ണിൽ നിന്നും പിറവിയെടുത്ത രൗദ്ര ദേവതയാണ് കക്കറ ഭഗവതി. കണ്ണൂർ ജില്ലയിലെ കക്കറ എന്ന സ്ഥലത്തുള്ള കക്കറകാവാണ് ഈ ഭഗവതിയുടെ ആരൂഡ സ്ഥാനം. കൽക്കൂറ ഭഗവതി എന്ന പേരിലും കകക്കറ ഭഗവതി അറിയപ്പെടുന്നു.
അവതാരോദ്ദേശം പൂർത്തിയാക്കിയ കക്കറ ഭഗവതി പിന്നീട് കാളകാട്ട് ഇല്ലത്തു കുടി കൊണ്ടു കാളകാട്ട് തന്ത്രിയുടെ മന്ത്ര മൂർത്തിയായി. ഒരു നാൾ കാളകാട് ഇല്ലത്തിലെ ഒരു കുഞ്ഞു നിർത്താതെ കരഞ്ഞു കൊണ്ടിരുന്നപ്പോൾ ഈ കുഞ്ഞിനെ എടുക്കാൻ ആരും ഇല്ലേ എന്ന് തറവാട്ട് കാരണവർ ചോദിച്ചു എന്നാൽ ചോദിച്ചു വന്നപ്പോൾ ഈ കുഞ്ഞിനെ അടക്കാൻ ആരും ഇല്ലേ എന്നാണു ചോദിച്ചു പോയത്. തിരുമേനി അത് ചോദിച്ചു നിമിഷ നേരം കൊണ്ട് ആ കുഞ്ഞു മരണപ്പെടുകയുണ്ടായി. കുഞ്ഞിന്റെ മരണത്തിനു കാരണം കക്കറ ഭഗവതിയാണെന്നു പറഞ്ഞു തിരുമേനി കക്കറ ഭഗവതിയുടെ വാൾ എടുത്തു പുഴയിലേക്ക് വലിച്ചെറിഞ്ഞു. പുഴയിലൂടെ ഒഴിക്കിയ വാൾ പിന്നീട് പൂന്തോട്ടം ഇല്ലത്തിലെ നമ്പൂരി കാണുകയും ദിവ്യ തേജസ്സുള്ള ആ വാൾ കക്കറ കാവിൽ പ്രതിഷ്ഠിക്കുകയും ചെയ്തു, അങ്ങനെ ദേവിക്ക് കക്കറ ഭഗവതി എന്ന പേര് വന്നു.
മാമ്പള്ളി ഭഗവതി, കാരാട്ട് ഭഗവതി , ചെക്കിചേരി ഭഗവതി , കോയി കുളങ്ങര ഭഗവതി , ധൂളിയാങ്ങ ഭഗവതി , അറുമ്പള്ളി ഭഗവതി എന്നിങ്ങനെ വിവിധ പേരുകളിൽ കക്കറ ഭഗവതി അറിയപ്പെടുന്നുണ്ട്. വട്ടത്തിൽ ഉള്ള തിരുമുടിക്കു ചുറ്റിലും ഉടയടയ്ക്കു മുന്നിലും തീപന്തവുമായി ഇറങ്ങുന്ന കക്കറ ഭഗവതി അതി രൗദ്ര ഭാവം പൂണ്ട കാളി രൂപം തന്നെയാണ്.