ഉത്തര കേരളത്തിലെ സകല ദിക്കിലും കെട്ടിയാടുന്ന അതീവ പ്രാധാന്യം ഉള്ള തെയ്യം ആണ് ഗുളികൻ. പരമശിവ ഭക്തനായ മാർക്കണ്ഡേയന്റെ കഥയുമായി ബന്ധപ്പെട്ടാണ് ഗുളികന്റെ ഉല്പത്തി.
പരമശിവ ഭക്തനായ മൃഗണ്ഡു എന്ന മഹർഷി പുത്രലബ്ദ്ധിക്കായി പരമശിവനെ പ്രാർത്ഥിച്ചു തപസ്സു ചെയ്തു. പ്രത്യക്ഷനായ പരമശിവൻ ഒരു പുത്രന് ജന്മം നല്കാൻ മൃഗണ്ഡുവിനു വരം നൽകി അനുഗ്രഹിച്ചു. എന്നാൽ അനുഗ്രഹത്തിൽ ഒരു വ്യവസ്ഥയുണ്ടായിരുന്നു ഒന്നുകിൽ ദീർഘായുസ്സുള്ള ബുദ്ധി ശൂന്യനായ ഒരു മകൻ, അല്ലെങ്കിൽ വെറും പതിനാറു വര്ഷം മാത്രം ആയുസ്സുള്ള ദിവ്യനായ ഒരു പുത്രൻ ഇതിൽ ഏതെങ്കിലും ഒരു വരം തെരഞ്ഞെടുക്കണം എന്നായിരുന്നു വ്യവസ്ഥ. അല്പായുസ്സെങ്കിലും ദിവ്യനായ ഒരു കുട്ടി മതി എന്ന് മൃഗണ്ഡു പരാമശിവനോട് ആവശ്യപ്പെട്ടു, അങ്ങനെ മൃഗണ്ഡു മാർകണ്ഡേയനു ജന്മം നൽകി , അതീവ ശ്രേഷ്ഠനായ മാർക്കണ്ഡേയനും ശിവ ഭക്തനായി തന്നെ വളർന്നു.
മാർക്കണ്ഡേയന് പതിനാറു വയസായി ആയുസെത്തിയ ദിവസത്തിൽ അവനെ വധിക്കാൻ മരണത്തിന്റെ ദേവൻ ആയ കാലൻ ദേവൻ വന്നു. മാർക്കണ്ഡേയനെ വധിക്കുന്നതിനായി കാലൻ തന്റെ ആയുധമായ പാശം അവന്റെ നേർക്ക് എറിഞ്ഞു. ആ വേളയിൽ മാർക്കണ്ഡേയൻ താൻ പൂജിച്ചിരുന്ന ശിവലിംഗം ആലിംഗനം ചെയ്തു കൊണ്ട് മഹാദേവനെ പ്രാർത്ഥിച്ചു ഇരുന്നു. അങ്ങനെ മാർകണ്ഡേയന് നേർക്കെറിഞ്ഞ കാല പാശം ശിവലിംഗത്തിൻ മേലും പതിഞ്ഞു. ഇതിൽ കോപിതനായ പരമശിവൻ തന്റെ മൂന്നാം കണ്ണ് തുറന്നു കാലനെ ഭസ്മമാക്കി കളഞ്ഞു. അങ്ങനെ ഭൂമിയിൽ കാലനില്ലാത്ത നാളുകൾക്കു തുടക്കം ഇടുകയും മരണം ഇല്ലാതാവുകയും ചെയ്തു. ആരും മരണപ്പെടാതിരുന്നപ്പോൾ ജനങ്ങളുടെ പെരുപ്പം താങ്ങാൻ ആവാതെ ഭൂമി ദേവി വലഞ്ഞു. ഇതിനു പ്രതിവിധിയായി പരമശിവൻ തന്റെ ഇടതു തൃക്കാൽ പിളർന്നു മറ്റൊരു കാലനെ സൃഷ്ടിച്ചു അതാണ്ത്രി ഗുളികൻ. പരമശിവൻ ഗുളികന് ത്രിശൂലവും കാലപാശവും നൽകി ഭൂമിയിലേക്ക് കാല കർമം ചെയ്യുന്നതിന് അയച്ചു.
വടക്കൻ കേരളത്തിൽ മിക്ക ഇടങ്ങളിലും ഗുളികൻ തെയ്യം കെട്ടിയാടാറുണ്ട് , മലയർ, പുലയർ, മാവിലർ ,നലിക്കാതായ എന്നീ സമുദായത്തിൽ ഉള്ളവർ ആണ് പ്രധാനമായും ഗുളികൻ തെയ്യം കെട്ടുന്നത്, മലയ സമുദായത്തിന്റെ കുല ദൈവം ആണ് ഗുളികൻ. കരിങ്കലശവും കോഴി അറവും ഗുളികൻ തെയ്യത്തിന്റെ അനുഷ്ടാനങ്ങളിൽ പ്രധാനം ആണ്. ജനനം മുതൽ മരണം വരെ ഒരു വ്യക്തിയുടെ ജീവിതത്തിൽ എല്ലാ കർമ്മങ്ങളിലും ഗുളികന്റെ സാനിദ്ധ്യം ഉണ്ടാവും എന്നാണ് വിശ്വാസം.
ഉച്ചയ്ക്കും സന്ധ്യക്കും പാതിരാ നേരത്തും നടന്നു വാഴ്ച നടത്തുന്ന ദേവൻ ആണ് ഗുളികൻ. ഗുളികന്റെ നേരിട്ടുള്ള ദർശനം മരണത്തിനു വരെ കാരണം ആയേക്കാം എന്നാണ് വിശ്വാസം. ഗുളികൻ, മാരണ ഗുളികൻ, വടക്കൻ ഗുളികൻ, തെക്കൻ ഗുളികൻ , കാര ഗുളികൻ, പുല ഗുളികൻ, ചൗക്കാർ ഗുളികൻ, ആയിറ്റി ഗുളികൻ, ജപ ഗുളികൻ , ഉമ്മിട്ട ഗുളികൻ, അന്തി ഗുളികൻ, പാതിരാ ഗുളികൻ എന്നിങ്ങനെ പല രൂപങ്ങളിൽ ഗുളികനെ കെട്ടിയാടാറുണ്ട്. സങ്കലപങ്ങൾ ഒന്നാണെങ്കിലും പൊതുവെ നൂറ്റി ഒന്ന് രൂപത്തിൽ ഗുളികൻ നിലകൊള്ളുന്നു എന്നാണ് വിശ്വാസം.