മന്ത്ര മൂർത്തികളുടെ ഗണത്തിൽ പെടുന്ന പ്രധാനപ്പെട്ട തെയ്യം ആണ് ധൂമാ ഭഗവതി. ഭ്രാഹ്മണ ഇല്ലങ്ങളിൽ ആണ് ധൂമാ ഭഗവതിത്തെയ്യം പ്രധാനമായും കെട്ടിയാടുന്നത്. തിരുമുടിയിലും അരക്കെട്ടിലും തീപന്തങ്ങളോട് കൂടി അതി രൗദ്ര ഭാവത്തോടെ ആണ് ധൂമ ഭഗവതിത്തെയ്യം കെട്ടിയാടുന്നത്.
പരമശിവന്റെ ഹോമകുണ്ഡത്തിൽ നിന്നും പിറവികൊണ്ട ഏഴ് ദേവതമാരിൽ ആദ്യത്തെ ദേവതയാണ് ധൂമാ ഭഗവതി. ഹോമ കുണ്ഡത്തിലെ ധൂമ പടലങ്ങളോടൊപ്പം പിറവി കൊണ്ടതിനാൽ ആണ് ധൂമാ ഭഗവതി എന്ന പേര് വന്നത്. ഭദ്രകാളി സങ്കൽപ്പത്തിലും വാരാഹി സങ്കൽപ്പത്തിലും ധൂമാ ഭഗവതിയെ ആരാധിച്ചു വരുന്നുണ്ട്. വാരാഹി സങ്കൽപ്പത്തിൽ കെട്ടിയാടുമ്പോൾ വരാഹ സമാനമായ മുഖപ്പാളയും ധൂമാ ഭഗവതി തെയ്യം അണിയാറുണ്ട്.
അസുര നിഗ്രഹത്തിനു ശേഷം മഹാദേവന്റെ അനുഗ്രഹം വാങ്ങി ശിഷ്ട ജന പരിപാലനത്തിനായി ഭൂമിയിൽ എത്തിയ ധൂമാ ഭഗവതി മലനാട്ടിൽ അടൂർ മന്ത്രശാലയിൽ വന്നു ചേർന്നു എന്നാണ് വിശ്വാസം. പിന്നീട് മായിപ്പാടി കൊട്ടാരത്തിലും മധൂരും പത്തില്ലം താന്ത്രിമാരുടെ ഗൃഹങ്ങളിലും ദേവി നിലകൊണ്ടു. തെക്കോട്ട് സഞ്ചരിച്ച ദേവി തിമിരി, വടശ്ശേരി കൈതപ്രം തുടങ്ങിയ സ്ഥലങ്ങളിലെ പല ഭ്രാഹ്മണ ഇല്ലങ്ങളിലും നില കൊണ്ടു.
വണ്ണാൻ, മലയൻ, വേലൻ, നൽകത്തായ തുടങ്ങിയ സമുദായത്തിൽ ഉള്ളവർ ധൂമാ ഭഗവതിത്തെയ്യം കെട്ടിയാടാറുണ്ട്. വിവിധ സ്വരൂപങ്ങളിൽ വിവിധ സമുദായങ്ങൾ കെട്ടിയാടുമ്പോൾ രൂപത്തിലുള്ള പ്രകടമായ വ്യത്യസം ധൂമാഭഗവതി തെയ്യത്തിന്റെ സവിഷേത ആണ്.