സ്ത്രീകൾ കെട്ടിയാടുന്ന ഒരേ ഒരു തെയ്യം ആണ് ദേവകൂത്ത്. ദേവകൂത്ത് വള്ളി തെയ്യം എന്ന പേരിലും അറിയപ്പെടുന്നു. അമ്മ ദൈവങ്ങളും, നാഗ ദേവതമാരും, കന്യകമാരും, ഗ്രാമ ദേവതമാരും ഉൾപ്പെടെ തെയ്യ പ്രപഞ്ചത്തിലെ തെയ്യങ്ങൾ ഏറെയും സ്ത്രീ ദൈവങ്ങൾ ആണെങ്കിലും അവ ഒക്കെ കെട്ടിയാടുന്നത് പുരുഷൻ മാരാണ്. കന്യക തെയ്യങ്ങളുടെ ഗണത്തിൽ ഉള്ള ദേവകൂത്ത് കെട്ടിയാടുന്നതും സ്ത്രീ തന്നെ ആണ് എന്നത് ദേവക്കൂത്തിനെ മറ്റു തെയ്യങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നു.
കണ്ണൂർ ജില്ലയിലെ ചെറുകുന്നിനടുത്തു തെക്കുമ്പാട് എന്ന ദ്വീപിലെ കൂലോം തായക്കാവ് എന്ന കാവിൽ മാത്രം ആണ് ദേവകൂത്ത് കെട്ടിയാടാറുള്ളത്. രണ്ടു വര്ഷം കൂടുമ്പോൾ ആണ് ഈ കെട്ടിയാടുന്നത്. പൂജാ കര്മങ്ങള്ക്കായി പൂക്കൾ പറിക്കാൻ തെക്കുമ്പാട് ദ്വീപിൽ എത്തിയ ഒരു ദേവസ്ത്രീ ദ്വീപിൽ ഒറ്റപ്പെട്ട് പോവുകയും പിന്നീട് സപ്തർഷി നാരദൻ എത്തി ആ ദേവസ്ത്രീയെ തിരിച്ചു ദേവലോകത്തേക്കു കൊണ്ട് പോവുകയും ചെയ്ത കഥയെ ഇതിവൃത്തം ആക്കിയാണ് ദേവക്കൂത്ത് കെട്ടിയാടുന്നത്.
നാലു ദിക്കിലും പുഴയാൽ ചുറ്റപ്പെട്ട തെക്കുമ്പാട് പണ്ട് അതി മനോഹരമായ ഒരു പൂങ്കാവനം ആയിരുന്നു. തെക്കുമ്പാടിലെ പൂക്കളുടെ സൗന്ദര്യവും സൗരഭ്യവും കാരണം ദേവലോകത്തുള്ളവർ പോലും അവിടെ പൂക്കൾ തേടി എത്തി. അങ്ങനെ ഒരു നാൾ അർച്ചനാ പുഷ്പങ്ങൾ ശേഖരിക്കുന്നതിന് വേണ്ടി ഏഴ് ദേവതമാർ തെക്കുമ്പാട് എത്തി. ദേവതമാർ പൂക്കളുടെ സൗന്ദര്യം ആസ്വദിച്ചും ആവശ്യം ഉള്ളവ ശേഖരിച്ചും സന്തോഷത്തോടെ ദ്വീപിലെ പൂന്തോപ്പുകളിലൂടെ നടന്നു. എന്നാൽ ഒരു പാട് ചെടികളും കാടുകളും നിറഞ്ഞ ഇടത്ത് വെച്ച് എപ്പോഴോ കൂട്ടത്തിൽ ഉള്ള വള്ളി എന്ന ദേവസ്ത്രീക്കു വഴി തെറ്റി ഒറ്റപ്പെട്ട് പോയി. വള്ളിയെ കാണാതായതറിഞ്ഞ മറ്റു ദേവതമാർ ദ്വീപ് മുഴുവൻ അവളെ തിരഞ്ഞു. എന്നാൽ നിറയെ ചെടികളും, വെള്ള ചാലുകളും നിറഞ്ഞ ദ്വീപിൽ എവിടെയും അവർക്കു വള്ളിയെ കണ്ടെത്താൻ ആയില്ല. പകൽമുഴുവൻ വള്ളിയെ തിരഞ്ഞു നടന്ന ആറു ദേവതമാരും രാത്രിയായി തുടങ്ങിയപ്പോൾ നിരാശയോടെ ദേവലോകത്തേക്കു മടങ്ങിപ്പോയി. അത്രയും നേരവും ഒരു വള്ളി പടർപ്പിൽ കുരുങ്ങി ഭയന്ന് കിടക്കുകയായിരുന്നു വള്ളി ദേവത.
രാത്രി മുഴുവൻ വള്ളിപ്പടർപ്പുകളിൽ തനിച്ചു കഴിഞ്ഞു ആ ദേവത. ഭൂമിയിൽ ഒരു രാത്രി താമസിച്ചു കഴിഞ്ഞാൽ കുളിച്ചു പുതുവസ്ത്രം അണിഞ്ഞാൽ മാത്രമേ ദേവസ്ത്രീക്കു ദേവലോകത്തേക്കു പ്രവേശനം ഉള്ളു, ഇല്ലെങ്കിൽ അവൾ വെറും മനുഷ്യ സ്ത്രീയായി മാറി ഭൂമിയിൽ തന്നെ കഴിയേണ്ടി വരും എന്നാണ് വിശ്വാസം. പിറ്റേന്ന് നേരം വെളുത്തപ്പോൾ ദ്വീപിലെ മനുഷ്യർ വള്ളിപടർപ്പിൽ കുടുങ്ങി കിടക്കുന്ന ദേവതയെ കണ്ടു. അവർ അവളെ സാന്ത്വനിപ്പിച്ചു, പിന്നീട് ദ്വീപിലെ നാടുവാഴിയെ വിവരം അറിയിച്ചു. നാടുവാഴി എത്തി ദേവതയെ കണ്ടു . ദേവതയ്ക്കു താമസിക്കാൻ തത്കാലത്തേക്ക് ഒരു കുച്ചിൽ (ചെറിയ പന്തൽ ) കെട്ടി കൊടുത്തു. മൂന്നു നാൾ സുരക്ഷിതയായി അവൾ ആ പന്തലിൽ താമസിച്ചു. അപ്പോഴേക്കും വള്ളിയുടെ പ്രാർത്ഥന കേട്ട് രക്ഷിക്കാൻ പുതു വസ്ത്രവുമായി സാക്ഷാൽ നാരദൻ എത്തി.
കുളിച്ചു ദേഹ ശുദ്ധി വരുത്തി പുതു വസ്ത്രം അണിഞ്ഞു നാരദനൊപ്പം വള്ളി ദേവലോകത്തേക്കു മടങ്ങി. ദേവലകത്തെത്തിയ വള്ളിക്കു സുന്ദരമായ തെക്കുമ്പാടിനെയു അവിടെ തന്നെ സംരക്ഷിച്ച നാട്ടുകാരെയും മറക്കാൻ പറ്റുമായിരുന്നില്ല. രണ്ടു വർഷത്തിൽ ഒരിക്കൽ തെക്കുമ്പാട് സന്ദർശിച്ചു അവിടുള്ള മനുഷ്യരെ കാണാൻ ആ ദേവത തീരുമാനിച്ചു. അങ്ങനെ വള്ളി ദേവത ദ്വീപിൽ നാട്ടുകാരെ കാണാൻ വരുന്ന ദിവസമാണ് ദേവക്കൂത്ത് കെട്ടിയാടുന്നത് എന്നാണ് വിശ്വാസം. ഒന്നിടവിട്ട വർഷങ്ങളിൽ ധനുമാസം ആദ്യം ആണ് ദേവക്കൂത്ത് കെട്ടിയാടുന്നത്.
പള്ളിമാല എന്ന ഗ്രന്ഥത്തെ വന്ദിച്ചു നാല്പത്തി ഒന്ന് ദിവസത്തെ വ്രതം എടുത്തിട്ടാണ് സ്ത്രീകൾ ദേവകൂത്ത് തെയ്യം കെട്ടിയാടുന്നത്. വ്രതം എടുക്കുന്ന നാളുകളിൽ മൽസ്യ മാംസാദികൾ പൂർണമായും ഉപേക്ഷിച്ചു പള്ളിമാല ഗ്രന്ഥം പാരായണം ചെയ്തു, നൃത്ത ചുവടുകളും, തോറ്റവും പഠിച്ചു വീട്ടിൽ തന്നെ കഴിയണം. ദേവക്കൂത്തിനു തലേന്ന് തന്നെ കോലധാരിയും കൂട്ടുകാരും തയേക്കാവിൽ എത്തണം.
തേപ്പും കുറിയും എന്ന ലളിതമായ മുഖത്തെഴുത്താണ് ദേവക്കൂത്തിനുള്ളത്. ചുവപ്പും വെള്ളയും ചേർന്ന ഉടയാടയും തലയിൽ ഒരു ചെറിയ തൊപ്പി കിരീടവും, ചായില്യം കൊണ്ട് ചുവപ്പിച്ച പാദങ്ങളിൽ പദസരവും ഉണ്ടാവും വള്ളി തെയ്യത്തിനു. വളരെ പതിഞ്ഞ താളത്തിൽ ആണ് ഈ തെയ്യത്തിന്റെ ചുവടുകൾ.
ദേവക്കൂത്തിനു ഒടുവിൽ വള്ളിക്കു വസ്ത്രങ്ങളും ആയി നാരദന്റെ കോലവും എത്തും, പിന്നെ നാരദന്റെ കൂടെയും പതിഞ്ഞ താളത്തിൽ ദേവക്കൂത്ത് നൃത്തമാടും. കുറിക്കു പകരം അരിയാണ് ദേവകൂത്ത് ഭക്തർക്ക് പ്രസാദം ആയി നൽകുന്നത്.
സാധാരണ എല്ലാ തെയ്യങ്ങളും കോലം കഴിഞ്ഞാൽ മുഖത്തെഴുത്ത് പൂർണമായും മായ്ച്ചു കളയും. എന്നാൽ വള്ളി തെയ്യം പകുതി മുഖത്തെഴുത്തു മാത്രമേ മായ്ച്ചു കളയുകയുള്ളൂ. കണ്ണെഴുത്തു മായ്കാതെ വെക്കും, തെയ്യം കഴിഞ്ഞതിന്റെ പിറ്റെന്നാൾ വീട്ടിൽ ചെന്ന് പള്ളി മാല ഗ്രന്ഥം തൊട്ടു വന്ദിച്ച ശേഷം മാത്രമേ വള്ളി തെയ്യം കണ്ണെഴുത്തു മയിക്കുകയുള്ളു. മല നാട്ടിൽ ഒരേ ഒരു കാവിൽ മാത്രം കെട്ടിയാടുന്ന ദേവക്കൂത്ത് കാണാൻ ആയിരക്കണക്കിന് ജനങ്ങൾ എത്താറുണ്ട്.