പണ്ടുകാലത്തു ഭരണ സൗകര്യം കണക്കിലെടുത്തു നാട്ടു രാജാക്കൻമാർ അവരുടെ പ്രദേശങ്ങളെ അതിർത്തി തിരിച്ചു വിഭജിക്കാറുണ്ടായിരുന്നു. അങ്ങനെ ഉള്ള കൊച്ചു നാട്ടു രാജ്യങ്ങളെ ആണ് സ്വരൂപങ്ങൾ എന്ന് വിളിക്കുന്നത്. വടക്കൻ കേരളത്തിലെ പ്രധാന സ്വരൂപങ്ങൾ ആണ് അള്ളട സ്വരൂപം , കോല സ്വരുപം , കോട്ടയം സ്വരൂപം എന്നിവ. കോല സ്വരൂപത്തിന്റെ പഴയ നാമം മൂഷിക വംശം എന്നായിരുന്നു. പിന്നീട് ഭരണ സൗകര്യാർത്ഥം കോല സ്വരൂപം വീണ്ടും ചെറു സ്വരൂപങ്ങൾ ആയി വിഭജിച്ചു. വടക്കൻ കുറ്റി , തെക്കൻ കുറ്റി , നിടിയിരുപ്പ് , ചുഴലി എന്നിങ്ങനെ ആണ് ഈ സ്വരൂപങ്ങളുടെ പേര്. കോലത്തിരി നിർണയിക്കുന്ന സമാന്തരമാർ (നാടുവാഴികൾ ) ആയിരുന്നു ഈ ചെറു സ്വരൂപങ്ങളിൽ ഭരണം നിർവഹിച്ചിരുന്നത്. ഇതിൽ ചുഴലി സ്വരൂപത്തിന്റെ പരദേവത ആണ് ചുഴലി ഭഗവതി.
ചുഴലി ഭഗവതിയെ കുറിച്ചുള്ള ഐതിഹ്യം ഇങ്ങനെ ആണ്.
ആര്യനാട്ടിൽ നിന്നും മരക്കലം (കപ്പൽ) ഏറി മലനാട്ടിൽ എത്തിയ ദേവത ആണ് ചുഴലി ഭവതി എന്നാണ് സങ്കല്പം. ആര്യ നാട്ടിലെ ഒരു രാജകുമാരി പരിവാരങ്ങൾ ഒത്തു നദിയിൽ കുളിക്കുകയായിരുന്നു. ആ സമയത്തു ദുർഗാദേവി രാജകുമാരിയുടെ ശരീരത്തിൽ ആവേശിച്ചു. പിന്നീട് രാജകുമാരിയുടെ പെരുമാറ്റത്തിൽ എല്ലാവർക്കും വ്യത്യസ്തത അനുഭവപ്പെട്ടു. മകളുടെ പ്രവൃത്തിയിൽ പരിഭ്രാന്തി തോന്നിയ രാജാവ് ദൈവജ്ഞരെ വിളിച്ചു കാര്യം തിരക്കി. അങ്ങനെ ദൈവജ്ഞരുടെ കണ്ടെത്തൽ അനുസരിച്ചു രാജകുമാരിയുടെ ശരീരത്തിൽ ദൈവ ശക്തി ആവേശിച്ചതായി അറിഞ്ഞു.
ദേവിക്ക് മലനാട് കാണണം എന്ന് ആഗ്രഹം ഉണ്ടായി , അതനുസരിച്ചു വിശ്വകർമാവിനെ വിളിച്ചു വരുത്തി അതി മനോഹരമായ പ്രൗഢി ഉള്ള ഒരു കപ്പൽ രാജാവ് പണിയിച്ചു. രാജകുമാരി മലനാട്ടിലേക്ക് യാത്ര തിരിച്ചു. രാജകുമാരി കപ്പലിൽ കയറവെ രാജകുമാരിയുടെ ശരീരത്തിൽ നിന്നും മൂന്നു തേജോ രൂപങ്ങൾ ഉത്ഭവിച്ചു കപ്പലിൽ കയറി.
രാപ്പകൽ ഇല്ലാതെ കാറ്റും മഴയും താണ്ടി കപ്പൽ സമുദ്രത്തിലൂടെ സഞ്ചരിച്ചു. മലനാട് എത്താറായി. ഗോകർണ കരയും കുമ്പളയും ഏഴിമലയും കഴിഞ്ഞു കപ്പൽ ചെറുകുന്ന് ആയിരം തെങ്ങിൽ കപ്പൽ അടുത്തു. കപ്പൽ കാരയ്ക്കടുത്തപ്പോൾ നാട്ടുകാർ ഓടിക്കൂടി. അസാധാരണമായ കപ്പൽ കപ്പിത്താൻ ഇല്ല. വിവരമറിഞ്ഞു നാടുവാഴികൾ ആയ നേരിയോട്ടു കാരും, കോലത്തിരിക്കാരും കൊഴിക്കിലിടത്തു അവകാശികളും അവിടെ എത്തി. മൂന്ന് വിഗ്രഹങ്ങൾ അവർ കപ്പലിൽ കണ്ടെത്തി , മൂന്ന് പേരും ഓരോ വിഗ്രഹങ്ങൾ എടുത്തു. മൂന്നാമത്തെ വിഗ്രഹം കാഴ്ചയ്ക്ക് മങ്ങിയതായിരുന്നു. കൊഴിക്കിലിടത്തു അവകാശിക്കു ആണ് ആ വിഗ്രഹം കിട്ടിയത്. എന്നാൽ ആ വിഗ്രഹം എടുത്തപ്പോൾ കപ്പൽ അസധാരണമായി ഒന്ന് ഉയർന്നു. ഇത് നാടുവാഴികളിൽ സംശയം ഉണ്ടാക്കി.
വിഗ്രഹം കൊണ്ടു പോകുന്ന കൊഴിക്കിലിടത്തു അവകാശിയെ കോലത്തിരിയുടെ ആൾക്കാർ പിന്തുടർന്നു. ഇത് മനസ്സിലാക്കിയ കൊഴിക്കിലിടത്തു സമാന്തർ പരമാവതി ഒളിച്ചും പാത്തും ഇടവഴികളിലൂടെയും ഒക്കെ നടന്നു. നടക്കുന്ന വഴിയേ അയാൾ ഒരു ഒരു അലക്കു കാരനെ കണ്ടു, കോലത്തിരിയിൽ നിന്നും രക്ഷപ്പെടുന്നത് എളുപ്പം അല്ലെന്നു മനസ്സിലാക്കിയ കൊഴിക്കിലിടത്തു സമാന്തർ ഒരു തന്ത്രം പ്രയോഗിച്ചു. അലക്കു കാരനോട് നിങ്ങളെ കോലത്തിരി പിന്തുടരുന്നുണ്ടെന്നും ജീവൻ വേണമെങ്കിൽ രക്ഷപെട്ടോ എന്നും പറഞ്ഞു. ഇത് കേട്ട അലക്കു കാരൻ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. അലക്കു കാരന്റെ തുണിയിൽ വിഗ്രഹം പൊതിഞ്ഞു കൊഴിക്കിലിടത്തു സമാന്തർ അലക്കുകാരനായി അഭിനയിച്ചു കോലത്തിരിയെ കബളിപ്പിച്ചു. പിന്നീട് കോലത്തിരി അവിടുന്ന് പോയപ്പോൾ കൊഴിക്കിലിടത്തു അവകാശി വിഗ്രഹവുമായി നാട്ടിലേക്ക് പുറപ്പെട്ടു.
വിഗ്രഹം തുണിയിൽ പൊതിഞ്ഞു ഒളിപ്പിച്ച സ്ഥലം കല്യാശ്ശേരിക്ക് അടുത്തുള്ള മണകുളങ്ങര പ്രദേശം ആയിരുന്നുവത്രെ. രക്ഷപ്പെട്ടു എങ്കിലും ഭയം മാറാത്ത സമാന്തർ വിഗ്രഹം ആരോരും ഇല്ലാത്ത ‘വടക്കേ കാവ്’ എന്ന സ്ഥലത്തു കുഴിച്ചിട്ടു. സമാന്തർ കുളിയും ഭക്ഷണവും എല്ലാം കഴിഞ്ഞു ക്ഷീണം കൊണ്ട് ഒന്ന് ഉറങ്ങി. അതിനിടയിൽ വിഗ്രഹവുമായി ബന്ധപ്പെട്ടു നടന്ന കാര്യങ്ങൾ എല്ലാം ഭാര്യയോട് പറഞ്ഞിരുന്നു .
ഉറക്കത്തിൽ സമാന്തർ ഞെട്ടിയുണർന്നു അദ്ദേഹത്തിന് വല്ലാത്ത ശ്വാസം മുട്ടൽ അനുഭവപ്പെട്ടു. ഭാര്യ വൈദ്യൻ മാരെ കൊണ്ട് വന്നു എന്നാൽ സമാന്തരുടെ നില ഗുരുതരമായി മരുന്നുകൾ ഒന്നും ഫലിച്ചില്ല. ഏറെ കഴിയും മുൻപ് സാമന്തർ മരണപ്പെട്ടു.
വിഗ്രഹത്തിന്റെ കഥ അറിഞ്ഞ ബന്ധുക്കൾ ജ്യോത്സ്യന്മാരെ വരുത്തി പ്രശ്ന വിചാരണ ചെയ്തു. ഭഗവതിയുടെ വിഗ്രഹം മണ്ണിൽ കുഴിച്ചിട്ടത് ദേവി കോപത്തിന് കാരണമായെന്നും അതാണ് സമാന്തരുടെ ദുർമരണത്തിനു ഇടയാക്കിയതും എന്നും ജ്യോത്സർ പറഞ്ഞു. ദേവിയെ ക്ഷേത്രം പണിത് യാഥാർഹം കുടിയിരുത്തണം എന്ന് പ്രശ്ന പരിഹാരം ആയി ജ്യോൽസ്യൻ വിധിച്ചു. എന്നാൽ കാലങ്ങളായിട്ടും കുഴിച്ചിട്ട വിഗ്രഹം കണ്ടെത്താൻ ആർക്കും കഴിഞ്ഞില്ല.
ഒരു നാൾ കിഴങ്ങു നടാൻ കുഴിയെടുക്കുന്ന ഒരു കർഷകൻ ആണ് വിഗ്രഹം വീണ്ടും കണ്ടത്. തൂമ്പയിൽ എന്തോ തട്ടുന്ന ശബ്ദം കേട്ട അയാൾ ഒരു വിഗ്രഹം കണ്ടു തൂമ്പ കൊണ്ട സ്ഥലത്ത് ചോര വരുന്നത് കണ്ട കർഷകൻ വിസ്മയിച്ചു അവിടെ നിന്നും ഓടി. സ്ഥലത്തെ പ്രമാണിമാർ വിവരം അറിഞ്ഞു. വിഗ്രഹത്തിന്റെ പൂർവകഥ അറിയാവുന്ന ആ കാലഘട്ടത്തിൽ ഉള്ള കൊഴുക്കിലിടത്തു സാമന്തൻ വിവരം അറിയുകയും വിഗ്രഹം പുറത്തെടുത്തു അവിടെ തന്നെ ഒരു ക്ഷേത്രം പണിത് പ്രതിഷ്ഠിക്കുകയും ചെയ്തു.
ക്ഷേത്രം നിർമിച്ച സ്ഥലത്തിന് സമീപമായി കാനാ തറവാടുകാർ ആയിരുന്നു താമസിച്ചിരുന്നത് , എന്നാൽ ക്ഷേത്രം നിർമിക്കുന്ന സമയത്തു തന്നെ പല അനർത്ഥങ്ങൾ ഉണ്ടായതിനാൽ ജ്യോതിഷ വിധി അനുസരിച്ചു ഭഗവതിയുടെ സാനിധ്യം ഉള്ള ആ പ്രദേശം വിട്ടു അവർ പയ്യന്നൂരിലേക്ക് താമസം മാറ്റി. കാനാ തറവാടുകാർ താമസിച്ചിരുന്ന സ്ഥലത്തിന് കാനായി എന്ന് പിന്നീട് പേര് വന്നു. ചുഴലി ഭഗവതി ക്ഷേത്രത്തിലെ ഉത്സവ സമയത്ത് ചില ആചാരങ്ങൾ നടത്തുന്നതിന് ഇന്നും കാനാ തറവാട്ടുകാർക്കു അവകാശം ഉണ്ട്.
ഈ ക്ഷേത്രം പിൽകാലത്ത് ചുഴലി ഭഗവതി ക്ഷേത്രം ആയി പുകൾപെട്ടു. പിന്നീട് കൊഴിക്കിലിടത്തു സാമന്തർ വാണിരുന്ന സ്ഥലം ചുഴലി സ്വരൂപം എന്നും അറിയപ്പെട്ടു. ആര്യ നാട്ടിൽ നിന്നും (കാശി) മലനാട് കാണാൻ സമുദ്രത്തിലൂടെ ചുഴലി കാറ്റിനെ ഒക്കെ അതികജീവിച്ചെത്തിയ ഭഗവതി എന്ന അർത്ഥത്തിൽ ആണ് ചുഴന്നവൾ എന്നും ചുഴലി ഭഗവതി എന്നും ഈ ഭഗവതിയെ വിളിക്കപ്പെട്ടത്.
പിന്നീട് ഉത്തര കേരളത്തിൽ പല ഇടങ്ങളിലും ചുഴലി ഭഗവതി ക്ഷേത്രം വന്നു. മണക്കുളങ്ങര, എരിഞ്ഞിക്കൽ, കടമ്പേരി, പുളിമ്പിടാവ്, നിടിയങ്ങ, നടുവിൽ, വെള്ളാട് തുടങ്ങിയ സ്ഥലങ്ങളിൽ എന്നാൽ ചുഴലി ഭഗവതി ക്ഷേത്രങ്ങൾ ഉയർന്നു വന്നു .
പിന്നീട് ചുഴലി ഭഗവതിയുടെ തെയ്യക്കോലം വടക്കൻ കേരളത്തിലെ കാവുകളിൽ കെട്ടിയാടാൻ തുടങ്ങി. ആരെയും അത്ഭുതപെടുത്തുന്നത്രയും വലിയ ഏറ്റു മുടി അണിഞ്ഞു വരുന്ന തെയ്യം ആണ് ചുഴലി ഭഗവതി തെയ്യം.