അത്ത്യുത്തര കേരളത്തിൽ കെട്ടിയാടുന്ന പ്രധാനപ്പെട്ട തെയ്യം ആണ് ചൂളിയാർ ഭഗവതി. യുദ്ധ ദേവത മാരുടെ ഗണത്തിൽ പെടുന്ന ഈ ദേവിക്ക് ചൂളിയാർ ഭഗവതി എന്നും ശൂലിയാർ ഭഗവതി എന്നും പേരുണ്ട് .
തൃക്കണ്ണാടപ്പന്റെ ധാന്യപ്പുര ചുട്ടെരിക്കാൻ ഇറങ്ങി പുറപ്പെട്ട കാർത്തവീരാസുരനെ വധിക്കാൻ സാക്ഷാൽ പരമശിവൻ തന്റെ തൃക്കണ്ണിൽ നിന്നും സൃഷ്ടിച്ചെടുത്ത ദേവിയാണ് ചൂളിയാർ ഭഗവതി. കയ്യിൽ ശൂലവുമേന്തി പിറവിയെടുത്ത ആ ദേവി ശൂലിയാർ ഭഗവതി അല്ലെങ്കിൽ ചൂളിയാർ ഭഗവതി എന്നീ പേരുകളിൽ അറിയപ്പെടുന്നു.
മൂകാംബികയിൽ നിന്നും തന്റെ ഭക്തനുമൊത്തു പുറപ്പെട്ട ദേവി ഉദുമയിൽ എത്തിയപ്പോൾ ആ പ്രദേശത്തിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടയാകുകയും അവിടെ കുടിയിരിക്കാൻ തീരുമാനിക്കുകയും ചെയ്തു. പിന്നീട് ദേവി തൃക്കണ്ണാട് ക്ഷേത്രത്തിൽ പോവുകയും ദേവി ആവശ്യപ്പെട്ട പ്രകാരം പരമശിവൻ തൃക്കണ്ണാട് ക്ഷേത്രത്തിൽ ദേവിക്ക് സ്ഥാനം നൽകുകയും ചെയ്തു. പട്ടുവം മുതൽ പടമ്പൂർ വരെ ഉള്ള തൊണ്ണൂറ്റിയാറ് ഗ്രാമങ്ങളെ ചൂളിയാർ ഭഗവതി സംരക്ഷിച്ചു പരിപാലിക്കുന്നു എന്നാണ് വിശ്വാസം. ആറു പരദേവതമാരിൽ ആറാമത്തെ പരദേവത യാണ് ചൂളിയാർ ഭഗവതി. ആദിപരാശക്തി തന്നെയായ ചൂളിയാർ ഭഗവതി ഭക്തരുടെ സങ്കടങ്ങൾ ദൂരൂകരിക്കുകയും ആദിയും വ്യാധിയും അകറ്റുകയും ചെയ്യുന്നുവെന്നും ആണ് വിശ്വാസം.
വട്ടമുടിയും, കുരുത്തോലകൊണ്ടുള്ള ഉടയാടയും അരയുടെ മുൻവശത്തെ ജ്വലിക്കുന്ന തീ പന്തങ്ങളുമായാണ് ചൂളിയാർ ഭഗവതിയുടെ തെയ്യം ഇറങ്ങുന്നത് .