ആൺ കോലങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്ന തെയ്യം ആണ് ഭൈരവൻ തെയ്യം. ശിവാംശ ഭൂതമായ ഭൈരവനെ ആണ് ഭൈരവൻ തെയ്യം ആയി കെട്ടിയാടുന്നത്. ബ്രഹ്മ ദേവന്റെ ശിരസ്സറുത്തതിന് പാപം മാറ്റാൻ കപാലവുമായി ഭിക്ഷയാചിക്കുന്ന പരമശിവൻ ആണ് ഭൈരവൻ.
ഭൈരവൻ തെയ്യത്തിന്റെ പിന്നിൽ ഉള്ള ഐതിഹ്യം ഇങ്ങനെ ആണ്. ഒരു നാൾ കൈലാസത്തിൽ വച്ച് തങ്ങളിൽ ആരാണ് ഏറ്റവും വലിയവൻ എന്നതിനെ ചൊല്ലി ത്രിമൂർത്തികളായ ബ്രഹ്മാവിനും, മഹാവിഷ്ണുവിനും, പരമശിവനും ഇടയിൽ തർക്കം ഉണ്ടാവുകയും ഞാനാണ് ഏറ്റവും വലിയവൻ എന്ന് പരമശിവൻ അവകാശപ്പെടുകയും ചെയ്തു. സംശയം ഉള്ളവർക്ക് അത് പരീക്ഷിച്ചു നോക്കാം എന്നും പരമശിവൻ പറഞ്ഞു. പരീക്ഷണത്തിന് തയ്യാറായ വിഷ്ണുവിനോടും ബ്രഹ്മാവിനോടും താഴേക്കും മുകളിലേക്കും യാത്ര ചെയ്ത് തന്റെ അടിയും മുടിയും കണ്ടെത്തി വരാൻ പരമശിവൻ ആവശ്യപ്പെട്ടു.
പരീക്ഷണം തുടങ്ങി, മുടി തേടി ബ്രഹ്മാവ് മുകളിലേക്കും അടി തേടി മഹാ വിഷ്ണു താഴേക്കും യാത്രയായി. സംവത്സരങ്ങൾ കഴിഞ്ഞിട്ടും അടിയും മുടിയും കണ്ടെത്താൻ രണ്ടു കൂട്ടർക്കും ആയില്ല. അങ്ങനെ തോൽവി സമ്മതിച്ചു മഹാവിഷ്ണു തിരിച്ചു കൈലാസത്തിലേക്ക് എത്തി. എന്നാൽ മുകളിൽ നിന്നും ഒരു കൈതപ്പൂവ് താഴെ വീഴുന്നത് ബ്രഹ്മ്മാവ് കണ്ടു ആ കൈതപ്പൂവ് എടുത്തു ബ്രഹ്മാവ് കൈലാസത്തിലേക്ക് വന്നു. കൈതപ്പൂവ് അടയാളമായി കാണിച്ചു താൻ മുടി ഭാഗം കണ്ടു എന്ന് ബ്രഹ്മാവ് കള്ളം പറഞ്ഞു. ബ്രഹ്മാവ് പറഞ്ഞത് കള്ളം ആണെന്ന് മനസ്സിലാക്കിയ പരമശിവൻ കോപാകുലനായി. നാലു ശിരസ്സുള്ള ബ്രഹ്മാവിന്റെ ഒരു ശിരസ്സ് നഖത്താൽ നുള്ളി ദൂരെ എറിഞ്ഞു പരമശിവൻ. ബ്രഹ്മാവിന്റെ കള്ളത്തിനു കൂട്ട് നിന്ന കൈതപ്പൂവ് ഇനി മുതൽ പൂജയ്ക്കെടുക്കാത്ത പുഷ്പമായി തീരട്ടെ എന്നും പരമശിവൻ പറഞ്ഞു.
തന്റെ ശിരസ്സറുത്ത് കളഞ്ഞതിൽ കോപിഷ്ഠനായ ബ്രഹ്മാവ് പരമശിവൻ ഇനി പന്തീരാണ്ടു വര്ഷം കപാലവുമേന്തി ഭിക്ഷയാചിക്കട്ടെ എന്ന് ശപിച്ചു. അങ്ങനെ ബ്രഹ്മ ശാപം തീർക്കാൻ പരമശിവൻ ഭൈരവ വേഷം ധരിച്ചു ബ്രഹ്മ കപാലം ഭിക്ഷാ പത്രമാക്കി പന്തീരാണ്ടു കാലം ഏന്തി ഭിക്ഷയാചിച്ചത്രേ. പരമശിവന്റെ ഈ ഭിക്ഷാടന വേഷം തന്നെ ആണ് ഭൈരവൻ തെയ്യം ആയി കെട്ടിയാടുന്നത്.
അഗ്നി ഭൈരവൻ, ആദി ഭൈരവൻ, യോഗി ഭൈരവൻ, കാല ഭൈരവൻ, കങ്കാള ഭൈരവൻ, ശാക്തേയ ഭൈരവൻ, ഈശ്വര ഭൈരവൻ, കപാല ഭൈരവൻ എന്നിങ്ങനെ ഭൈരവന് എട്ടു ഭാവങ്ങൾ ഉണ്ട്. മന്ത്ര മൂർത്തി വിഭാഗത്തിൽ പെടുന്ന ഭൈരവൻ തെയ്യം കെട്ടിയാടുന്നത് മലയ സമുദായത്തിൽ ഉള്ളവരാണ്.