ആടി വേടൻ

പഞ്ഞ മാസമായ കർക്കടകത്തിൽ വീട് വീടാന്തരം കയറി ഇറങ്ങി ആദിയും വ്യാദിയും ശമിപ്പിക്കുന്ന തെയ്യമാണ് വേടൻ തെയ്യം. ശ്രീ പാർവതി സങ്കല്പമായ ആടിയും സാക്ഷാൽ പരമശിവൻ സങ്കല്പമായ വേടനും രണ്ടു തെയ്യ കോലങ്ങളായി ഉൾപ്പെടുന്നത് കൊണ്ട് ആടിവേടൻ എന്നും ഈ കർക്കടക തെയ്യത്തിനു പേരുണ്ട്. 

മഹാഭാരത കഥയിൽ വില്ലാളി വീരനായ അർജുനൻ ശിവ ഭഗവാനിൽ നിന്നും പാശുപതാസ്ത്രം തന്റെ  തപസ്സിലൂടെ നേടിയെടുത്ത കഥയുമായി ബന്ധപ്പെടുത്തിയാണ് ആടി വേടൻ തെയ്യത്തിന്റെ ഇതിവൃത്തം നിലനിൽക്കുന്നത് .

പാണ്ഡവരുടെ വനവാസകാലത്ത് പരമശിവനിൽ നിന്നും പാശുപതാസ്ത്രം വരമായി ലഭിക്കുന്നതിന് വേണ്ടി അർജുനൻ തപസ്സു തുടങ്ങി. എന്നാൽ പാശുപതാസ്ത്രം അര്ജുനന് നൽകുന്നതിന് മുൻപ് അർജുനനെ പരീക്ഷിക്കാൻ പരമശിവൻ തീരുമാനിച്ചു. അത് പ്രകാരം ഒരു വേടന്റെ വേഷത്തിൽ പരമശിവനും വേട പത്നിയായി പാർവതിയും പാണ്ഡവർ വനവാസം ചെയ്ത കാട്ടിൽ അവതരിച്ചു. ഒരു നാൾ അർജുനൻ നായാട്ടിനിടെ ഒരു കാട്ടു പന്നിയെ അമ്പെയ്തു വീഴ്ത്തി എന്നാൽ ഇത് കണ്ട കിരാത വേഷം പൂണ്ട പരമശിവനും ആ പന്നിക്ക് നേരെ അമ്പെയ്തു. അങ്ങനെ പന്നിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി രണ്ടു പേരും തർക്കമായി. ആ തർക്കം പിന്നെ യുദ്ധമായി, ശക്തമായ യുദ്ധത്തിൽ കിരാതൻ അർജുനനെ പരാജയപ്പെടുത്തി. വെറുമൊരു കിരാതന്റെ മുന്നിൽ പരാജയപെട്ടതിൽ നാണക്കേട് തോന്നിയ അർജുനൻ , കിരാതനെ തോൽപ്പിക്കാൻ ശക്തി ലഭിക്കാൻ പരമശിവനെ പ്രാർത്ഥിച്ചു. പ്രാർത്ഥിക്കുന്ന വേളയിൽ ശിവലിംഗത്തിൽ അർപ്പിച്ച പുഷ്പങ്ങൾ എല്ലാം കിരാതന്റെ മേലെ ചെന്ന് പതിക്കുന്നത് കണ്ട അർജുനൻ, സാക്ഷാൽ പരമശിവൻ തന്നെ പരീക്ഷിക്കുന്നതിനു വേണ്ടി കിരാത വേഷത്തിൽ അവതരിച്ചതാണെന്നു മനസ്സിലാക്കി. അർജുനൻ കിരാതന്റെ മുന്നിൽ സാഷ്ടാംഗം നമസ്ക്കരിച്ചു. സന്തുഷ്ടനായ മഹാദേവൻ അര്ജുനന് പാശുപതാസ്ത്രം സമ്മാനിക്കുകയും കൈലാസത്തെക്കു മടങ്ങുകയും ചെയ്തു. 

മലനാട്ടിൽ ആടിവേടൻ തെയ്യമായി കെട്ടിയാടുന്നത് ഈ കഥയിലെ കിരാത വേഷം പൂണ്ട പാർവതി പരമേശ്വരൻ മാരെ ആണ്.  പാർവതി സങ്കൽപ്പത്തിൽ ഉള്ള ആടി തെയ്യം കെട്ടുന്നത് വണ്ണാൻ സമുദായത്തിൽ ഉള്ളവരും പരമ ശിവ സങ്കൽപ്പത്തിൽ ഉള്ള വേടൻ തെയ്യം കെട്ടിയാടുന്നത് മലയൻ സമുദായത്തിൽ ഉള്ളവരും ആണ്. ഇതേ കഥയിലെ അർജുനനെ കർക്കിടക തെയ്യമായി  ഗളിഞ്ചൻ തെയ്യം എന്ന പേരിലും കെട്ടിയാടാറുണ്ട്. കർക്കിട മാസത്തിൽ ആടി വേടൻ തെയ്യം വീട് സന്ദർശിക്കുന്നതോടെ വീടും പരിസരവും ശുദ്ധിയായി എന്നാണു സങ്കല്പം. 

aadivedan-021b2bf8-e79c-4ff4-a20d-28f0d81d7568
aadivedan-84eab8e8-0c51-4a4b-aef0-1728d37b06d5
previous arrow
next arrow
aadivedan-021b2bf8-e79c-4ff4-a20d-28f0d81d7568
aadivedan-84eab8e8-0c51-4a4b-aef0-1728d37b06d5
previous arrow
next arrow