കാലുകൾക്കു ചുവപ്പു തേച്ചു അതിന്റെ മുകളിൽ ചിലമ്പ് അണിയുന്നതാണ് പൊതുവെ കാൽചമയങ്ങൾ.കോലക്കാരൻ സ്വയം അണിയുന്നതാണ് കാൽചമയങ്ങൾ. ചിലമ്പ് കാലിൽ അണിഞ്ഞതിനു ശേഷം ഉറപ്പുള്ള നൂല് ഉപയോഗിച്ച് വിരലുകളുമായി കെട്ടിയിടുകയാണ് പതിവ്. ചടുല താളങ്ങളിൽ നൃത്ത ചുവടുകൾ വെക്കുമ്പോൾ ചിലമ്പുകൾ കാലിൽനിന്നും ഊർന്നു പോകാതെയിരിക്കാൻ ആണ് അങ്ങനെ ചെയ്യുന്നത്. തെയ്യാട്ടത്തിൽ ചിലമ്പിനു അതിയായ പ്രാധാന്യം ഉണ്ട്. ചെണ്ടമേളത്തിനും , മറ്റു വാദ്യങ്ങൾക്കും പുറമെ തെയ്യങ്ങളുടെ കാൽചലനങ്ങൾക്കു അനുസരിച്ചു ചിലമ്പുകൾ കൂടി ശബ്‌ദിക്കുമ്പോൾ അത് മേളത്തിന് വല്ലാത്ത ഒരു ശ്രവ്യ ഭംഗി ആണ് പ്രധാനം ചെയ്യുന്നത്.