ശിരസ്സിൽ അണിയുന്ന തിരുമുടികളെ ആണ് മുടിച്ചമയങ്ങൾ എന്ന് പറയുന്നത്. മറ്റെല്ലാ ചമയങ്ങൾക്കും ശേഷം അവസാനം അണിയുന്ന തിരുമുടിയോടെ ആണ് തെയ്യച്ചമയം പൂർണമാകുന്നത്. അണിയറയിൽ നിന്നും പുറത്ത് വന്നതിനു ശേഷം തെയ്യം ഒരു പീഠത്തിൽ ഇരുന്നതിനു ശേഷം ആണ് തിരുമുടി അണിയുന്നത്. തിരുമുടി അണിയൽ ചടങ്ങു നടക്കുമ്പോൾ ചെണ്ടമേളങ്ങൾ ആവേശത്തിൽ ഉണരും.
ഓരോ തെയ്യത്തിനും പ്രത്യേകമായി തിരുമുടികൾ ഉണ്ട്. കുരുത്തോല , തുണി , മുള , കവുങ്ങിൻ വാരി , മുരിക്കിൻ തടി , ചെക്കി പൂക്കൾ, തുളസി, കോളാമ്പി പൂക്കൾ, തുമ്പപ്പൂക്കൾ , മയിൽ പീലി , വൈക്കോൽ, വെള്ളി, ഓട് എന്നിവയാണ് തിരുമുടികൾ നിർമിക്കാൻ ഉപയോഗിക്കുന്ന പ്രധാന വസ്തുക്കൾ.
കൊടുമുടി , പൗമുടി, കൂമ്പു മുടി , പീലി മുടി , പാള മുടി , വട്ട മുടി ഇങ്ങനെ വിവിധ തരത്തിൽ ഉള്ള അതി മനോഹരമായ തിരുമുടികൾ ഉണ്ട്. ചമയങ്ങളിലെ ഏറ്റവും പ്രധാന പെട്ട ചമയം ആണ് മുടി ചമയങ്ങൾ തെയ്യങ്ങൾ എല്ലാ അർത്ഥത്തിലും അതിന്റെ പൂർണ സൗന്ദര്യത്തിലും രൂപത്തിലും എത്തുന്നത് തിരുമുടി അണിയുന്നതോടെ ആണ്.