കടും ചായങ്ങൾ കൊണ്ടു തെയ്യങ്ങളുടെ മുഖത്ത് ചെയ്യുന്ന അതിമനോഹരമായ ചിത്ര കലയാണ് മുഖത്തെഴുത്തു. വളരെ അതികം നൈപുണ്യം ആവശ്യമുള്ള ഒരു ചമയം ആണ് മുഖത്തെഴുത്തു. ചുവപ്പു, കറുപ്പ്, പച്ച , വെള്ള , മഞ്ഞ എന്നീ നിറങ്ങൾ ആണ് പ്രധാനമായും മുഖത്തെഴുത്തിനു ഉപയോഗിക്കുന്നത്. തെങ്ങോലയുടെ ഈർക്കിൽ ചതച്ചാണ് ചായം പൂശുന്നതിനുള്ള ബ്രഷ് ഉണ്ടാക്കുന്നത്. ചായില്യം , മണോല , കരിമഷി , മഞ്ഞൾ പൊടി, ചുണ്ണാമ്പു എന്നിവ ഉപയോഗിച്ചാണ് നിറങ്ങൾ തയ്യാറാക്കുന്നത്.
സാധാരണയായി ഒരു തെങ്ങോലയിൽ കിടക്കുന്ന തെയ്യക്കാരന്റെ തല ഭാഗത്തായി ഇരുന്നാണ് മുഖത്തെഴുത്ത് കലാകാരൻ മുഖത്തെഴുതു നടത്തുന്നത്. വ്യത്യസ്തമായ തെയ്യങ്ങൾക്ക് വ്യത്യസ്ത രീതിയിൽ ഉള്ള മുഖത്തെഴുതു ഉണ്ട്. പൊട്ടൻ തെയ്യം , ഗുളികൻ പോലുള്ള തെയ്യങ്ങൾക്ക് മുഖത്തെഴുത്തിനു പകരം മുൻപേ തയ്യാറാക്കിയ മുഖപ്പാളയാണ് ഉപയോഗിക്കുക. മുത്തപ്പൻ പോലുള്ള തെയ്യത്തിനു പ്രതേകം മുഖത്തെഴുത്ത് കലാകാരൻ മാർ പതിവില്ല , മറിച്ചു തെയ്യം തന്നെ കണ്ണാടിയിൽ നോക്കി കൈ കൊണ്ട് ചായം പൂശുകയാണ് ചെയ്യാറ്. കൂടുതൽ രൗദ്ര ഭാവം ഉള്ള തെയ്യങ്ങൾക്ക് മുഖത്തെഴുത്ത് കൂടാതെ വെള്ളോട്ടു കൊണ്ടുണ്ടാക്കിയ പൊയ്കണ്ണുകൾ കെട്ടുന്ന രീതിയുണ്ട്. പൊയ്‌കണ്ണിൽ ഉള്ള ചെറിയ ദ്വാരങ്ങളിലൂടെ ആണ് അത്തരം തെയ്യങ്ങൾക്ക് കാഴ്ച സാധ്യമാകുന്നത്.