തെയ്യാട്ടത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത അതി പ്രധാനമുള്ള ഒരു ചടങ്ങാണ് തോറ്റം. തോറ്റത്തിന് ഇളം കോലം എന്നും പറയാറുണ്ട്. തോറ്റം എന്നാൽ സ്തുതി പാട്ട് എന്നാണ് അർഥം. തോറ്റം പാട്ടിലെ വരികൾ പഴയ കാലഘട്ടത്തിലെ നാട്ടു ഭാഷയിൽ തീർത്തതാണ്. ഓരോ തെയ്യത്തിന്റെ തോറ്റത്തിലും സ്തുതിക്കു പുറമെ പ്രധാനമായും ആ തെയ്യത്തിന്റെ പുരാവൃത്തം, വീര കൃത്യങ്ങൾ , പ്രത്യേകതകൾ , സ്വരൂപങ്ങൾ, കുടികൊണ്ട നാടുകൾ, ഭൂമിയിലേക്ക് വരാൻ ഉണ്ടായ നിമിത്തം എന്നിവ ഉൾപെട്ടിട്ടുണ്ടാവും.
തെയ്യം കെട്ടാൻ പോകുന്നയാൾ പ്രത്യേക വേഷം ധരിച്ചെത്തി ഒരു പീഠത്തിനു മേൽ വെച്ച ചെണ്ടയിൽ പതിഞ്ഞ സ്വരത്തിൽ കൊട്ടി കൊണ്ടാണ് സാധാരണയായി തോറ്റം പാടുന്നത്. ചെറിയ സമയങ്ങളിൽ തീരുന്ന തോറ്റങ്ങളും, മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന തോറ്റങ്ങളും ഉണ്ട്, ചിലപ്പോൾ തോറ്റം പാടാൻ തെയ്യം കെട്ടാൻ പോകുന്ന ആളിന് പുറമെ സഹായികളും ഉണ്ടാവും. മാക്കം, കതിവന്നൂർ വീരൻ , ബാലി തെയ്യം പോലുള്ള തെയ്യങ്ങളുടെ തോറ്റങ്ങൾ മണിക്കൂറുകൾ നീണ്ടു നിൽക്കും. അത് പോലെ തന്നെ തീരെ തോറ്റം ഇല്ലാത്ത തെയ്യങ്ങളും ഉണ്ട്.
തോറ്റം പാട്ടിനു വിവിധ ഭാഗങ്ങൾ ഉണ്ട്. വരവിളി, അഞ്ചടി , സ്തുതി, പൊലിച്ചു പാട്ട് , അണിയറ തോറ്റം, ഉറച്ചിൽ തോറ്റം എന്നിവയെല്ലാം അതിൽ പെടും. ഓരോ ഘട്ടത്തിൽ പാടുന്ന ഈ ഭാഗങ്ങൾക്കൊക്കെ പ്രതേക ഉദ്ദേശങ്ങളും ഉണ്ട്.
കോലക്കാരൻ ദൈവത്തിനെ വിളിച്ചു വരുത്താൻ പാടുന്നതാണ് വരവിളി എന്ന് പറയുന്നത്. അഞ്ചടിയിൽ പുരാവൃത്തത്തെ വർണിക്കുമ്പോൾ സ്തുതിയിൽ ദൈവത്തിനെ സ്തുതിക്കുകയാണ് ചെയ്യുന്നത്. തെയ്യത്തിന്റെ മഹിമ വർണിക്കുന്ന ഭാഗം ആണ് പൊലിച്ചു പാട്ട്. തെയ്യം കെട്ടുന്ന സമയത്തു അണിയറയിൽ സഹായികൾ പാടുന്നതാണ് അണിയറ തോറ്റം. അത് പോലെ ചില പ്രത്യേക ഘട്ടങ്ങളിൽ തെയ്യം അത്യന്തം ശക്തി പൂണ്ടു ഉറയാൻ തുടങ്ങും ആ സന്ദർഭങ്ങളിൽ ആണ് ഉറച്ചിൽ തോറ്റം പാടുന്നത്.
ചുവടെ കൊടുത്തത് വേട്ടയ്ക്കൊരു മകൻ തെയ്യത്തിന്റെ വരവിളി ആണ്.
വരികവേണം ബാലിയേരി വേട്ടയ്ക്കൊരുമകൻ ദൈവേ..
ബാലിയേരി കോട്ട , കുറംബ്രാതിരിക്കോട്ട,
ചെറുവള്ളിയൂർ കാവ് , ഉള്ളിയൂർപ്പടി, മേനപ്പുറം,
കരിപ്പൂരംവള്ളി , ശ്രീ മാന്യമംഗലം, ബദരിയിൽ മഠം, കാമുംഞ്ചെയ്തു
കാറ കൂറ നായരെ വാൾമേലും തോൾമേലും
ഒളിവളർന്നു കൊണ്ടിതോരു ബാലിയേരി വേട്ടയ്ക്കൊരുമകൻ ദൈവേ
അന്നേ നാലാളെ, ഇന്നേ യോഗത്തിനാലേ
അങ്കത്തിനും പടക്കും കൂട്ടത്തിനും കുറിക്കും
അകമ്പടിക്കും സൊരൂപത്തിനും നല്ലതിനെ ചൊല്ലി കൊടുക്കാൻ
എഴുന്നള്ളി വരിക വേണം
വേട രാജാതിരുമകൻ ബാലിയേരി വേട്ടയ്ക്കൊരുമകൻ ദൈവം …. ഹരി !