തെയ്യം അനുഷ്ഠാനങ്ങൾ

ഉത്തര കേരളത്തിലെ ജനജീവിതത്തോടും സംസ്കൃതിയോടും ഇഴചേർന്ന ബന്ധമാണ് തെയ്യങ്ങൾക്കും കാവുകൾക്കും ഉള്ളത്. വൈവിധ്യങ്ങളായ തെയ്യങ്ങൾ കെട്ടിയാടുന്ന വിവിധ കാവുകളും തറവാടുകളും ഉത്തര കേരളത്തിൽ അനേകം ഉണ്ട്. എന്നാൽ ഇവിടെ ഒക്കെ പൊതുവായി തെയ്യം തുടങ്ങുന്നതിനും തുടരുന്നതിനും പരിസമാപ്തി കുറിക്കുന്നതിനും നൂറ്റാണ്ടുകൾ ആയി പിന്തുടർന്ന് പോകുന്ന ചില കീഴ്വഴക്കങ്ങളും ആചാര മര്യാദകളും ഉണ്ട്.

കൊടിയില വാങ്ങൽ

കാവിന്റെ നടയിൽ വന്നു അഷ്ട ദിക്കിനെയും വണങ്ങി തൊഴുതു നിൽക്കുന്ന കോലക്കാരാണ് ആ കാവിന്റെ പൂജാ ചുമതല ഉള്ള അന്തിത്തിരിയൻ ചെറിയൊരു കൊടിയിലയിൽ പള്ളിയറയിലെ നിറ ദീപത്തിൽ നിന്നും കൊളുത്തിയ വിലക്ക് തിരി വെച്ച് കൈമാറുന്ന ചടങ്ങിനെ ആണ് കൊടിയില വാങ്ങൽ എന്ന് പറയുന്നത്. ഇലയിൽ ഉണക്കലരി , വെറ്റിലടക്ക, ചന്ദനം എന്നിവ ഉണ്ടാവും. കൊടിയില വാങ്ങൽ എന്ന ചടങ്ങിലൂടെ കോലം കെട്ടാനുള്ള സമ്മദം ചുമതലപ്പെട്ട അന്തിത്തിരിയൻ കോലക്കാരന് കൊടുക്കുകയാണ് ചെയ്യുന്നത്. കാവിലെ പള്ളിയറയിൽ കത്തിച്ചു കെടാതെ സൂക്ഷിച്ചിരിക്കുന്ന അണിയറ വിളക്ക് ദൈവ സങ്കല്പം ആയി ആണ് കോലക്കാർ കരുതുന്നത്. തെയ്യമായാലും തോറ്റം ആയാലും ഈ അണിയറ വിളക്കിനെ തൊഴുതു വാങ്ങിയാണ് കോലധാരി തിരുനടയിലേക്ക് വരുന്നത്.

അരിയെറിഞ്ഞു എതിരേൽക്കൽ

കോലക്കാരൻ പാഞ്ഞോടി വന്നു കൊടിയില വാങ്ങുമ്പോൾ ചെണ്ടമേളം തുടങ്ങും. പിന്നെ പീഠത്തിൽ ഇരുന്ന് തിരു മുടി വെക്കുന്നു. തെയ്യം സാദാരണയായി തിരു മുടി അണിയുന്നതു വടക്കു തിരിഞ്ഞും തിരുമുടി അഴിക്കുന്നതു പടിഞ്ഞാർ തിരിഞ്ഞുമാണ്. കതിവന്നൂർ വീരൻ പെരുമ്പുഴയച്ചൻ പോലുള്ള തെയ്യങ്ങൾ തിരു മുടി അണിഞ്ഞു കൊണ്ട് തന്നെ ആണ് അണിയറയിൽ നിന്നും പുറപ്പെടുന്നത്. തിരുമുടി അണിഞ്ഞു കഴിഞ്ഞാൽ പിന്നെ പുറപ്പാടെന്ന ചടങ്ങായി കോലക്കാരൻ യഥാർത്ഥ തെയ്യം ആയി മാറുന്നു. പിന്നെ ചെണ്ടമേളത്തിന്റെയും കാൽചിലമ്പിന്റെയും തെയ്യം പള്ളിയറയുടെ മുന്നിലേക്ക് വരുന്നു അപ്പോൾ വെളിച്ചപ്പാടും ഭക്തരും തെയ്യത്തെ അരി എറിഞ്ഞു വരവേൽക്കുന്നു കൂടാതെ തെയ്യം മൂന്നു വട്ടം അരി വാരി പള്ളിയറയിലേക്കു എറിയുന്നു. ഈ ചടങ്ങിനെ ആണ് അരിയെറിഞ്ഞു എതിരേക്കൽ എന്ന് പറയുന്നത്.

കലശം കയ്യേൽക്കൽ

സാധാരണയായി തെയ്യക്കാവുകൾക്കു വടക്കു വശത്തായി കലശം വെക്കാൻ ഉള്ള തറ ഉണ്ടാവും. തറയിൽ വാഴപ്പോളകൾ കൊണ്ട് കള്ളികൾ തിരിച്ചു അതിൽ കൊടിയിലയിൽ അവിൽ, മലർ, ഉണക്കലരി, അപ്പം , തേങ്ങാ എന്നിങ്ങനെ നിവേദ്യം വെക്കും. പിന്നീട് തെങ്ങിൻ പൂക്കുലയോ കവുങ്ങിൻ പൂക്കുലയോ അലങ്കരിച്ച ശേഷം കലശം വെക്കും. കലാശ കുംഭത്തിൽ തെങ്ങിൻ കള്ളാണ് ഉണ്ടാവുക. കാൽശക്കാരൻ കലശ കുംഭം തലയിൽ ഏറ്റി കാവിനു ചുറ്റും തെയ്യത്തിന്റെ മുന്നിൽ നടക്കും. ആ നേരത്തും ചെണ്ടകൊട്ടു ഉണ്ടാവും. വിഷ്ണു മൂർത്തി , മടയിൽ ചാമുണ്ഡി എന്നീ തെയ്യങ്ങൾ കലാശത്തിന്റെ സമയത്തു പന്നി മുഖം പോലുള്ള അലങ്കാരം അണിയാറുണ്ട്. തുടർന്ന് വടക്കേ ഭാഗത്തു കുരുതി നടത്തും. നാക്കിലയിൽ മഞ്ഞളും നൂറും ചേർത്താണ് ഗുരുസി ഉണ്ടാക്കുന്നത്. ഇവിടെ വച്ചാണ് കോഴി അറവു നടക്കുന്നത്. കരിഞ്ചാമുണ്ഡി പോലുള്ള രൗദ്ര മൂർത്തികൾ ആടിനെ ആണ് കുരുതി ചെയ്യുന്നത്. വയനാട് കുലവൻ തെയ്യാട്ട വേളയിൽ വേട്ടയാടിയെ മൃഗങ്ങളെ പാകം ചെയ്തു വെച്ച് വീതിക്കുന്നു.

പേനവാങ്ങൽ

പേനവാങ്ങൽ എന്ന വാക്കിലെ പേന എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രേതം , ഭൂതം എന്നിങ്ങനെ ഉള്ള ദുശ്ശക്തികളെ ആണ്. ദുർമൂർത്തികളുടെ ഭാത ഒഴിപ്പിക്കാൻ തെയ്യങ്ങൾക്ക് ശക്തി ഉണ്ടെന്നാണ് വിശ്വാസം. വിഷ്ണു മൂർത്തി , കരിഞ്ചാമുണ്ഡി, ആലിച്ചാമുണ്ഡി , ശാസ്തപ്പൻ തുടങ്ങിയ തെയ്യങ്ങളിൽ പേനവാങ്ങൽ ചടങ്ങുകൾ ഇന്നും കാണാം.

അടയാളമെടുക്കൽ

തെയ്യം ഭക്തരെ കുറി കൊടുത്തു അനുഗ്രഹിക്കുന്ന ചടങ്ങാണ് അടയാളമെടുക്കൽ. ഈ ചടങ്ങിന്റെ സമായത്ത് തെയ്യം ഭക്തരോട് ഉരിയാടി തുടങ്ങും. ഉണക്കലരിയും മഞ്ഞൾപ്പൊടിയും ചേർത്ത് പൊടിച്ചാണ് തെയ്യത്തിന്റെ കുറി ഉണ്ടാക്കുന്നത്. ഇതിനെ അടയാളം എന്നും വിളിക്കും. ആട്ടവും മറ്റു ചടങ്ങുകളും കഴിഞ്ഞാൽ അടയാളം കൊടുക്കുന്നതിനു വേണ്ടി കാവധികാരികളോട് “ഇനി അടയാളം കൊടുക്കാൻ തക്ക വണ്ണം ആത്മം കൊടുക്കട്ടെ” എന്ന് തെയ്യം അനുവാദം തേടും. മുത്തപ്പൻ, ഗുളികൻ, ഭൈരവൻ എന്നീ തെയ്യങ്ങൾ മഞ്ഞൾക്കുറിക്കു പകരം ഭസ്മം ആണ് നൽകാറുള്ളത്.

പാരണ

കാവിൽ നിന്നും കൊടുക്കുന്ന ഭക്ഷണങ്ങൾ അനുഷ്ഠാന പൂർവം തെയ്യം ഭക്ഷിക്കുന്ന ചടങ്ങാണ് പാരണ. തെയ്യം അവസാനിക്കുമ്പോൾ ആണ് പാരണ കഴിക്കുന്നത്. അവിൽ , മലർ, കരിമ്പ് , കൽക്കണ്ടം , പഴം എന്നിവയാണ് പാരണ ദ്രവ്യങ്ങൾ. എല്ലാ തെയ്യങ്ങൾക്കും പാരണ പതിവില്ല. കരിക്കു ചെത്തി അതിലെ വെള്ളം ഈ അവസരത്തിൽ തെയ്യം കുടിക്കുന്ന പതിവുണ്ട്.

കരിയടിക്കൽ

തെയ്യാട്ടത്തിന്റെ അവസാനത്തിൽ തെയ്യം കാവിലെ സ്ഥാനികരെ വിളിച്ചു പിരിയുന്ന വികാര നിർഭരമായ ചടങ്ങാണ് കരിയടിക്കൽ. തെയ്യം അവസാനിച്ചാലും ആചാര പ്രകാരമുള്ള കരിയടിക്കൽ മൂന്നു ദിവസം കഴിഞ്ഞാണ് ഉണ്ടാവുന്നത്. അത്രയും നാൾ വന്നു കൂടിയ തെയ്യങ്ങൾ കാവിൻ പരിസരത്തു തന്നെ ഉണ്ടാവും എന്നാണ് വിശ്വാസം. മൂന്നാം ദിവസം തെയ്യാട്ടത്തിനു ഉപയോഗിച്ച തീക്കനൽ കത്തിയ കരിയും വെണ്ണീറും തൂത്തു വാരി വൃത്തിയാക്കുന്നു. ചില സ്ഥലങ്ങളിൽ കരിയടിയുടെ വേളയിൽ ചെറു ചെണ്ട വാദ്യങ്ങൾ ഉണ്ടാവും. തെയ്യാട്ടത്തിന്റെ ഭാഗമായി ഉണ്ടായിട്ടുള്ള എല്ലാ വിധ അവശിഷ്ടങ്ങളും ഈ അവസരത്തിൽ വൃത്തിയാക്കുന്നു. തറവാടുകളിൽ ആണ് തെയ്യം കഴിഞ്ഞതെങ്കിൽ വിളക്കുഴിയുക എന്നാണു ഈ ചടങ്ങിന്റെ പേര്.