ഇന്നത്തെ കർണാടക സംസ്ഥാനത്തിൽ ഉള്ള ഉഡുപ്പി ജില്ലയുടെ വടക്കു ഭാഗത്തു കൂടി ഒഴുകുന്ന കല്യാണപുരം നദിയുടെ തെക്കു വശത്തും ഇന്നത്തെ കേരള സംസ്ഥാനത്തിൽ ഉള്ള കാസറഗോഡ് ജില്ലയിലെ ചന്ദ്രഗിരി പുഴയുടെ വടക്കു വശത്തുമായി പശ്ചിമ ഘട്ടത്തിന്റെ പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന ഭൂ പ്രദേശം ആണ് തുളുനാട്. തുളു ഭാഷയാണ് ഈ പ്രദേശത്തുള്ളവരുടെ മാതൃ ഭാഷ. ഭൂമി ശാസ്ത്രപരമായും സാംസ്കാരികമായും ഭാഷാ പരമായും അത്യുത്തര കേരളത്തിന് തുളു നാടുമായി അഭേദ്യമായ ആത്മ ബന്ധം ആണ് ഉള്ളത്.
വടക്കേ മലബാറിലെ പോലെ തന്നെ തുളുനാട്ടിലും തെയ്യം വളരെ ഏറെ പ്രാധാന്യം ഉള്ള ഒരു അനുഷ്ഠാന കലയാണ്. ദെയ്യൊമ് എന്നാണ് തുളു നാട്ടിൽ തെയ്യത്തിനു പറയുന്നത്. തെയ്യം നടക്കുന്ന കാവുകളെ തുളുവിൽ സാനോ (സ്ഥാനം) എന്നാണ് വിളിക്കുന്നത്. ചിലയിടത്ത് തെയ്യാട്ട പ്രദേശങ്ങളെ മാഡ എന്നും വിളിക്കാറുണ്ട്. തറവാട്ടുകളോട് അനുബന്ധിച്ചുള്ള കൊട്ടിഗ , ഗരഡികൾ (കളരികൾ) എന്നിവയും തെയ്യാട്ട കേന്ദ്രങ്ങൾ ആണ് .
തുളുനാട്ടിൽ തെയ്യങ്ങളെ സത്യം എന്നും വിശേഷിപ്പിക്കാറുണ്ട്. തുളുനാട്ടിൽ തെയാരാധന സത്യോപാസനയാണ്. കുമ്പള നാടിനെ സത്യാ സീമ എന്നാണ് അഭിസംബോധന ചെയ്യാറുള്ളത്. തെയ്യങ്ങളുടെ മുന്നിൽ അതീവ ഭക്തിയോടെ തങ്ങളുടെ സങ്കടങ്ങൾ പങ്കു വെക്കുന്നവരാണ് തുളുവർ. ഭക്തരുടെ ദുഖങ്ങൾക്കു ദൈവ കോലങ്ങൾ പരിഹാരം നിർദേശിക്കുകയും ചെയ്യും.
വടക്കേ മലബാറിലെ പോലെ തന്നെ പണ്ട് കാലങ്ങളിൽ അധഃസ്ഥിതരായി കരുതിയിരുന്ന സമുദായത്തിൽ ഉള്ളവർ ആണ് തുളു നാട്ടിലും തെയ്യം കെട്ടിയാടുന്നത്.
തുളു നാട്ടിൽ തെയ്യാട്ടം പല രീതികളിൽ ആണ്. നേമം, കോലം, പന്തൽ ബലി, ബണ്ടിയാത്ര, മൈമ, ഒത്തെക്കോല, ഗണ്ട, മെച്ചിജലാട്ട തുടങ്ങിയ വിവിധ നാമങ്ങൾ ഇതിനുണ്ട്. തുളു നാട്ടിൽ നിന്നും വന്ന പല തെയ്യങ്ങളും ഉത്തര കേരളത്തിൽ കെട്ടിയാടുന്നുണ്ട്. തുളുവീരൻ, വിഷ്ണു മൂർത്തി എന്നീ തെയ്യങ്ങളുടെ കഥ തുളു നാടുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.
വർഷാ വർഷം നിശ്ചയിച്ച തീയതികളിൽ ഗ്രാമത്തിലോ സമൂഹ മദ്യത്തിലോ നടക്കുന്ന തെയ്യാട്ടം ആണ് നേമം. വടക്കൻ കേരളത്തിലെ കളിയാട്ടം തന്നെ ആണ് തുളുവരുടെ നേമം. വയൽ നടുവിൽ പന്തലിട്ട് നടത്തുന്ന തെയ്യാട്ടം ആണ് പന്തൽ ബലി. ഗണ്ട എന്നാൽ വടക്കൻ മലബാറിലെ മേലേരി തന്നെ ആണ്. അതുപോലെ മലബാറിലെ ഒറ്റക്കോലം ആണ് തുളുവരുടെ ഒത്തെക്കോല. മലബാറിലെ പൊറാട്ട് പോലുള്ള ആരാധനാ രീതിയാണ് ജലാട്ട. ഉള്ളാളത്തി തെയ്യാട്ടത്തെ ആണ് മെച്ചി എന്ന് അറിയപ്പെടുന്നത്. തെയ്യത്തെ ബണ്ടി(വാഹനം) എന്ന തേരിൽ ഏറ്റി വയലിലൂടെ വലിക്കുന്ന ചടങ്ങാണ് ബണ്ടിയാത്ര. ജടാധാരി എന്ന തെയ്യത്തിന്റെ കോലം കെട്ടിനെ ആണ് മൈമ എന്ന് പറയുന്നത്. ഇങ്ങനെ തുളു തെയ്യങ്ങൾക്കും ചടങ്ങുകൾക്കും വടക്കേ മലബാറിലെ തെയ്യങ്ങളും ചടങ്ങുകളുമായി ഇഴ ചേർന്ന ബന്ധം ആണ് ഉള്ളത്.
ഉത്തര കേരളത്തിലും തുളു നാട്ടിലും പൊതുവായി കെട്ടിയടുക്കുന്ന പല തെയ്യങ്ങളും ഉണ്ട്. പേരിലും രൂപത്തിലും ചെറിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഒരേ സങ്കൽപ്പത്തിൽ കെട്ടിയാടുന്നവയാണ് ഈ തെയ്യങ്ങൾ. ബപ്പൂരാൻ (ബപ്പിരിയൻ ) , ലക്കേശ്വരി (രക്തേശ്വരി) , ജൂമാതി (ധൂമാവതി), ഭൈരവൻ, വീരഭദ്രൻ തുടങ്ങിയ തെയ്യങ്ങൾ ഉത്തര കേരളത്തിലും തുളു നാട്ടിലും കെട്ടിയാടുന്നവയാണ്.