തുലാമാസം പത്താം ദിവസത്തെ സൂര്യോദയം (പത്താമുദയം) വടക്കൻ കേരളത്തിനെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനപ്പെട്ട ദിവസം ആണ്. ഉത്തര കേരളത്തിലെ കാർഷിക സംസ്കാരത്തിൽ കന്നിക്കൊയ്ത്തു കഴിഞ്ഞു രണ്ടാം വിള ഇറക്കുന്നതും നായാട്ടിനു നിമിത്തം കുറിക്കുന്നതും ഈ നാളിൽ ആണ്. പഴയ തറവാടുകളിലും തെയ്യക്കാവുകളിലും പത്താമുദയത്തെ അതീവ ഭക്തിയോടെ ആണ് കണ്ടു വരുന്നത്. തുലാപ്പത്ത് എന്നും ഈ ദിവസം അറിയപ്പെടാറുണ്ട്
നാലുമാസക്കാലം നിശബ്ദമായ കാവുകളിൽ തെയ്യാട്ടം ആരംഭിക്കുന്നതും പത്താമുദയത്തോടെ ആണ്. തുലാമാസം പത്താം തീയതി കൊളച്ചേരി ചാത്തോത്തു കാവിൽ വിഷകണ്ഠൻ തെയ്യത്തിന്റെ പുറപ്പാടോടു കൂടി ആണ് ഉത്തര കേരളത്തിൽ കളിയാട്ടക്കാലം ആരംഭിക്കുന്നത്. പത്താമുദയത്തിന് നാട്ടു ഭാഷയിൽ പത്താവത എന്നും പറയാറുണ്ട്. ഉർവ്വരതാ ദേവതമാരായ മിക്ക തെയ്യങ്ങളും കെട്ടിയാടുന്നത് തുലാമാസത്തിൽ ആണ്. കുറത്തി തെയ്യവും , വയൽക്കുറത്തി തെയ്യവും കുഞ്ഞാർ കുറത്തി തെയ്യവും തറവാട്ടു മുറ്റത്തിൽ നൃത്തം ചെയ്യുന്നതും തുലാമാസത്തിൽ ആണ്. തുലാമാസത്തിൽ തന്നെ ആണ് കാലിച്ചാൻ തെയ്യം നാട് കാണാൻ വേണ്ടി ഇറങ്ങുന്നതും.
പത്താമുദയത്തിൽ ആണ് തെയ്യാട്ടക്കാലം തുടങ്ങുന്നതെന്ന് പൊതുവെ കരുതപ്പെടുന്നു എങ്കിലും ചുരുക്കം ഇടങ്ങളിൽ തുലാമാസം ഒന്നാം തീയതി തന്നെ ചില തെയ്യച്ചടങ്ങുകൾ ആരംഭിക്കാറുണ്ട്.