കാവുകൾ

തെയ്യം അരങ്ങേറുന്ന സ്ഥലങ്ങളെ പൊതുവെ കാവുകൾ എന്നാണു അറിയപ്പെടുന്നത്. നാഗക്കാവുകൾ കേരളത്തിൽ എവിടെയും കാണാമെങ്കിലും തെയ്യക്കാവുകൾ ഉത്തര കേരളത്തിൽ മാത്രം ആണ് ഉള്ളത്. ഉത്തര കേരളത്തിലെ ജനജീവിതത്തിന്റെയും സംസ്കൃതിയുടെയും പ്രധാന ഇടങ്ങൾ ആണ് കാവുകൾ. കാവുകളിൽ നടക്കുന്ന തെയ്യങ്ങൾ മറ്റു അനുഷ്ഠാനങ്ങൾ ഇതൊക്കെ വടക്കൻ കേരളത്തിലെ ജന ജീവിതത്തോട് അത്രമേൽ ഇഴ ചേർന്ന് കിടക്കുന്നു. ഗോത്ര പാരമ്പര്യത്തിലെ കൂടിച്ചേരലുകൾ ആണ് കാവുകളുടെ ഉല്പത്തിക്ക് അടിസ്ഥാനം. ഉത്തര കേരളത്തിൽ ദ്രാവിഡ സംസ്കാരത്തിന്റെ വികാസം കാവുകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. മിക്ക കാവുകളുമായി ബന്ധപ്പെട്ടു പ്രാദേശികമായ പലതരം മിത്തുകൾ പ്രചാരത്തിൽ ഉണ്ട്.

താന്ത്രികാരാധന വിധി പ്രകാരം ഉള്ള ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തം ആണ് കാവുകളുടെ ഘടന. ഒന്നോ രണ്ടോ ആചാരക്കാർക്ക് മാത്രം ഉള്ളിൽ കയറി കർമങ്ങൾ നിർവഹിക്കാൻ ഉള്ള സ്ഥലം മാത്രമേ കാവുകളിലെ പള്ളിയറയിൽ ഉണ്ടാവാറുള്ളു. പള്ളിയറയിൽ സദാ നിറഞ്ഞു കത്തുന്ന ദീപവും , പള്ളി പീഠവും പീഠത്തിൽ പട്ടിൻ മേൽ ഓരോ തെയ്യത്തിന്റെ സങ്കല്പത്തിൽ ഉള്ള തിരുവായുധങ്ങളും ഉണ്ടാവും. പള്ളിവാൾ , ത്രിശൂലം , നാന്ദകം തുടങ്ങിയ തിരുവായുധങ്ങൾ അല്ലാതെ ക്ഷേത്രങ്ങളുടേതു പോലുള്ള ബിംബ പ്രതിഷ്ഠ കാവുകളിൽ പതിവില്ല എന്നാൽ ദൈവ സങ്കൽപ്പത്തിൽ ഉള്ള തിടമ്പുകൾ ചില കാവുകളിൽ പരിപാലിക്കുകയും പൂരോത്സവം പോലുള്ള വിശേഷ നാളുകളിൽ പുറത്തെഴുന്നള്ളിക്കുകയും ചെയ്യുന്നു. പള്ളിയറ, അറ, മുണ്ട്യ, കഴകം , കോട്ടം , കളരി , കൂളാകാം , മതിലകം , ഇടം ,മാടം , വാതിൽ മാടം , ഗോപുരം തുടങ്ങിയ പേരുകളിൽ വിവിധ തരം തെയ്യങ്ങൾ കെട്ടിയടയുന്ന കാവുകൾ അറിയപ്പെടുന്നു. കാവുകൾക്കു പുറമെ തറവാടുകളിലും തെയ്യം അരങ്ങേറാറുണ്ട്. അത് കൂടാതെ പ്രതേക കാലങ്ങളിൽ വയലുകളിലും തെയ്യാട്ടം നടക്കാറുണ്ട് , ഇതിനെ വയൽത്തിറ എന്ന് വിളിക്കുന്നു. ചില സാഹചര്യങ്ങളിൽ പറമ്പുകളിലും താത്കാലിക പള്ളിയറ കെട്ടി തെയ്യം അരങ്ങേറാറുണ്ട്.

മിക്കവാറും കാവുകൾക്കും പടിപ്പുരകളും തേങ്ങാക്കല്ലും കലശത്തറയും കിണറും അണിയറപ്പുരകളും ഉണ്ടാവും.പള്ളിയറയുടെ മുന്നിൽ മുകളിൽ മരത്തിൽ കൊത്തിയെടുത്ത ഭയാനകമായ കിംപുരഷ രൂപം ഉണ്ടാവും. ചോരക്കണ്ണുകൾ രക്തം ഒലിക്കുന്ന നാക്ക് , നീണ്ട ബലിഷ്ഠമായ കൈകൾ എന്നവയാണ് കിംപുരുഷ രൂപത്തിന് ഉണ്ടാവുക. സർവ ലക്ഷണമൊത്ത തന്റെ മകനെ ഇന്ദ്രാദികൾ വൈകല്യം ഉള്ളവൻ ആക്കി മാറ്റിയപ്പോൾ അതിൽ കോപം പൂണ്ട ഭൂമി ദേവിയുടെ കോപം ശമിപ്പിക്കാൻ ആണത്രേ കിംപുരുഷന് ഈ പദവി കൊടുത്തു അംഗീകരിച്ചത്. തർക്കങ്ങൾ , മോഷണം തുടങ്ങിയ കുറ്റങ്ങൾ ഒക്കെ പഴയ കാലത്ത് തീർപ്പു കല്പിച്ചിരുന്നത് തെയ്യക്കാവിൽ ആണ്. ഏതെങ്കിലും ഒരു പ്രധാന തെയ്യത്തിന്റെ പേരിൽ ആണ് ഓരോ കാവുകളും അറിയപ്പെടുന്നതെങ്കിലും ആ തെയ്യത്തിനു പുറമെ മറ്റു പല തെയ്യങ്ങളും കാവുകളിൽ ഉണ്ടായിരിക്കും

കാവുകളിൽ പ്രധാന പൂജാരിയെ അന്തിത്തിരിയൻ എന്നാണ് വിളിക്കുന്നത്. അന്തി നേരത്തിൽ കാവിൽ തിരി കൊളുത്തന്നതിനു പുറമെ പള്ളിയറക്കുള്ളിലും പുറത്തു കലശത്തറക്കു മുന്നിലും തേങ്ങാക്കല്ലിലും അനുഷ്ഠാന കർമ്മങ്ങൾ നിർവഹിക്കുന്നത് അന്തിത്തിരിയൻ ആണ്. തിരഞ്ഞെടുക്കപ്പെട്ട സമുദായികളും തീരുമാനങ്ങൾ കൂട്ടത്തോടെ നിർവഹിക്കുന്ന കുറ്റവായക്കാരും ഏതു സഹായത്തിനും എത്തുന്ന ബാല്യക്കാരും കാവിന്റെ ശക്തി ആണ്.

വിവിധ സമുദായങ്ങൾക്ക്‌ അവരുടേതായ കുലദേവതമാരും കാവുകളും നിലനിൽക്കുന്നുണ്ടെങ്കിലും ഇവയൊക്കെ പൊതു ഇടങ്ങളായി തന്നെ തുടരുകയും യാതൊരു വ്യത്യാസവും ഇല്ലാതെ എല്ലാവർക്കും ഒത്തുചേരാനും ആഘോഷിക്കാനും അനുഷ്ടാനങ്ങൾ നടത്താനും ഉള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന മഹത്തരമായ കൂട്ടായ്മയുടെ കേന്ദ്രങ്ങൾ ആണ് ഒരോ കാവുകളും. പ്രകൃതിയോട് വളരെ ചേർന്ന രീതിയിൽ ആണ് കാവുകളുടെയും പരിസര പ്രദേശങ്ങളുടെയും പൊതുവെ ഉള്ള രൂപകൽപന.

വാണിയ സമുദായത്തിൽ ഉള്ളവരുടെ കുലദേവതയാണ് മുച്ചിലോട്ടു ഭഗവതി. മുച്ചിലോട്ടു ഭഗവതിയെ കെട്ടിയാടുന്ന കാവുകളെ മുച്ചിലോട്ടു കാവുകൾ എന്ന് അറിയപ്പെടുന്നു. കാസറഗോഡ് , കണ്ണൂർ , കോഴിക്കോട് എന്നീ ജില്ലകളിൽ ആയി നൂറിൽ കൂടുതൽ മുച്ചിലോട്ടു കാവുകൾ ഉണ്ട്. ആദി മുച്ചിലോട് എന്നറിയപ്പെടുന്ന കരിവെള്ളൂർ മുച്ചിലോട്ടു കാവിനു നൂറ്റാണ്ടിലേറെ പഴക്കം ഉണ്ട്.

മണിയാണി സമുദായത്തിൽപെടുന്നവരുടെ പ്രധാന ആരാധന മൂർത്തിയാണ് കണ്ണങ്കാട്ട് ഭഗവതി. കണ്ണങ്ങാട്ട് ഭഗവതിയെ ആരാധിക്കുന്ന കാവുകളെ കണ്ണങ്ങാട്ട് കാവുകൾ എന്ന് അറിയപ്പെടുന്നു. തെയ്യത്തിനു പുറമെ മറ്റു അനുഷ്ടാനങ്ങൾക്കും കണ്ണങ്കാട്ട് കാവുകളിൽ വളരെ പ്രാധാന്യം ഉണ്ട്. സംക്രമം, പൂരം , നിറപുത്തിരി തുടങ്ങിയ അനുഷ്ഠാനങ്ങൾ ഒക്കെ ഈ കാവുകളിൽ നടക്കുന്നു.

പുലികളെ ആരാധിക്കുന്ന കാവുകളെ പുലിക്കാവുകൾ എന്ന് അറിയപ്പെടുന്നു. ഉപദ്രവ ജീവികളായ മൃഗങ്ങളോടുള്ള ഭയത്തെ അതിജീവിക്കാൻ പ്രാചീന കാലത്തു കണ്ടെത്തിയ മാർഗമാണ് മൃഗാരാധന എന്നാണ് വിശ്വസിച്ചു പോരുന്നത്. പുലിക്കാവിൽ ഏറ്റവും പ്രാധാന്യം ഉള്ള കാവ് നിലനിൽക്കുന്നത് കാസറഗോഡ് ജില്ലയിലെ കർണാടക അതിർത്തിക്കടുത്തുള്ള മഞ്ഞടുക്കം ആണ്. തുളൂർ വനം എന്നും ഈ പ്രദേശം അറിയപ്പെടുന്നു. പണ്ട് പാർവതി പരമേശ്വരൻ മാർ പുലി ജന്മം എടുത്തു ദമ്പതിമാരായി ഭൂമിയിൽ വാണിരുന്നു. പുലികണ്ടൻ എന്നും പുള്ളിക്കരിങ്കാളി എന്നും ആയിരുന്നു ആ മൃഗദമ്പതിമാരുടെ പേരുകൾ. തുളു വനത്തിലെ താതനാർ കല്ലിന്റെ താഴെ മട ഉണ്ടാക്കി അതിൽ പുലി ദമ്പതി മാർ വാണു. പുലികണ്ടനും പുള്ളിക്കരിങ്കാളിക്കും ആറു പുലി ദൈവ ക്കുട്ടികൾ ജന്മമെടുത്തു. കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലി മാരുതൻ, പുലിയൂർ കണ്ണൻ എന്നീ അഞ്ചു ആൺ പുലികളും പുലിയൂർ കാളി എന്ന ഒരു പെൺ പുലിയും ആയിരുന്നു ആ ആറു പുലി ദൈവങ്ങൾ. പാർവതി പരമേശ്വര അംശങ്ങളായ ഈ പുലിദൈവങ്ങളെ ആണ് പുലിക്കാവുകളിൽ ആരാധിച്ചു വരുന്നത്.

പൂമാല ഭഗവതി കുടികൊള്ളുന്ന കാവുകളെ പൂമാല കാവുകൾ എന്ന് വിളിക്കുന്നു. കൊറ്റവൈ, കാളി , ദുര്ഗ എന്നീ സങ്കല്പങ്ങളെ അടിസ്ഥാനമാക്കിയുള്ള ശക്തി ആണ് പൂമാല ഭഗവതി. തീയ സമുദായത്തിൽ ഉള്ളവരുടെ പ്രധാന ആരാധന മൂർത്തിയാണ് പൂമാല. കുറുവന്തട്ട, മണിയറ, തലേന്നേരി, രാമവില്യം , കൊയോങ്കര, കുന്നച്ചേരി, വല്യപ്ര, പാച്ചേനി, അണീക്കര, കുട്ടമത്ത് , നെല്ലിക്കാത്തുരുത്തി എന്നിവയാണ് പ്രധാനപ്പെട്ട പൂമാല കാവുകൾ.ഇതിൽ തന്നെ മണിയറ പൂമാലക്കാവ് ആശാരിമാരുടെയും പ്രധാന ആരാധനാ സ്ഥാനം ആണ്. പൂമാലക്കാവിലെ പ്രധാന ആഘോഷം കളിയാട്ടം, പൂരം , കാലത്തിലരിയും പാട്ടും തുടങ്ങിയവയാണ്.

വടക്കൻ കേരളത്തിൽ കണ്ണൂർ കാസറഗോഡ് ജില്ലകളിൽ പഴയ അള്ളടം , കോല സ്വരൂപങ്ങളിൽ തീയ സമുദായത്തിന് പ്രധാനമായും നാല് കഴകങ്ങൾ ഉണ്ട്. കരുവന്താട്ടം കഴകം , രാമവില്യം കഴകം , നെല്ലിക്കാത്തുരുത്തി കഴകം , പാലക്കുന്ന് കഴകം എന്നിങ്ങനേ ആണ് ഈ കഴകങ്ങൾ. ഈ കഴകങ്ങളുടെ കീഴിൽ ആണ് ബന്ധപ്പെട്ട കാവുകളിലെ തെയ്യങ്ങൾ പരിപാലിച്ചു വരുന്നത്. വാണിയ സമുദായത്തിന് പതിനേഴു നാട്ടിൽ പതിനെട്ടു മുച്ചിലോട്ടുകൾ ആണ് ഉണ്ടായിരുന്നത് , ഇന്ന് അത് നൂറിൽ കൂടുതൽ ആയി ഉയർന്നിട്ടുണ്ട്. ഇതിന്റെയെല്ലാം മുഖ്യസ്ഥാനം ആദി മുച്ചിലോട്ടു ആയ കരിവെളളൂർ മുച്ചിലോട്ടിനു ആണ്. കുശവ സമുദായത്തിൽ ഉള്ളവർക്ക് കാസറഗോഡ് പൈക്ക മുതൽ പയ്യന്നൂർ വരെ നാല് മുഖ്യ സ്ഥാനങ്ങൾ ആണ് ഉള്ളത്. പയ്യന്നൂർ മാവിച്ചേരി ശ്രീ ഭഗവതി ക്ഷേത്രം , പീലിക്കോട് മുല്ലക്കര ശ്രീ വിഷ്ണു മൂർത്തി കാവ് , എരികുളം വേട്ടയ്ക്കൊരുമകൻ കോട്ടം, പെരിയ കായക്കുളം ശ്രീവിഷ്ണു ദേവസ്ഥാനം എന്നിവയാണ് അവ. മണിയാണി സമുദായത്തിൽ ഉള്ളവർക്ക് കണ്ണമംഗലം , കാപ്പാട് , കല്യോട്ട് , മുളവന്നൂർ എന്നിങ്ങനെ നാല് സ്ഥാനങ്ങൾ ആണ് ഉള്ളത്. ഇത് പോലെ മൂവാരി സമുദായത്തിനും നാല് കഴകങ്ങൾ ഉണ്ട്. ആയിരം തെങ്ങു കഴകം , നീലംകൈ കഴകം , കീഴറ കഴകം , കുട്ടിക്കര കഴകാം എന്നിവയാണ് അവ. കണ്ണൂർ കാസറഗോഡ് ജില്ലയിലും മംഗലാപുരത്തും ഉള്ള ശാലിയ വിഭാഗക്കാർക്ക് ഒരേ ഒരു മുഖ്യ സ്ഥാനമേ ഉള്ളു അത് കാസറഗോഡുള്ള മധൂർ അമ്പലം ആണ്. പതിനാലു കഴകങ്ങളിൽ നിന്നും ആചാര സ്ഥാനികരായ ചെട്ടിയാൻ മാർ കൊല്ലത്തിൽ ഒരിക്കൽ വിർഷിച്ചികമാസത്തിൽ രണ്ടാം ശനിയാഴ്ച കീഴൂരിലെ അമ്പലത്തിൽ ഒത്തു ചേരുന്നത് പതിവാണ്. പതിനാലും നഗരത്തിന്റെയും പ്രതി നിധികൾ നായന്മാരുടെ നേതൃത്വത്തിൽ ഒത്തു ചേർന്നാണ് പരാതികൾ പരിഹരിച്ചു വരുന്നത്.